ചോറിന് ഇഷ്ടപ്പെട്ട കറികളൊന്നുമില്ലെന്ന് പറഞ്ഞ് പലപ്പോഴും ബാക്കി വയ്‌ക്കുന്ന ആളുകളെ കണ്ടിരിക്കും. സ്വാദിഷ്ടമായ കറികൾ ഉണ്ടാക്കാനുള്ള സമയം കിട്ടാത്തതായിരിക്കാം പലപ്പോഴും ചോറ് ബാക്കി വയ്‌ക്കാനിടയാക്കുന്നത്. എന്നാൽ ഈ ഒരൊറ്റ വിഭവം മതി, ആവി പാറുന്ന ചൂടു ചോറ് ആസ്വദിച്ച് കഴിക്കാം…
മുളക് ഉപ്പിലിട്ടത്.
ഇതിനായി കാലങ്ങളോളം മുളക് ഉപ്പിലിടണമെന്നില്ല. എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന വിഭവമാണിത്. കുറച്ച് പച്ചമുളകും ഉപ്പും നാരങ്ങയുമുണ്ടെങ്കിൽ സംഗതി റെഡി.
ചേരുവകൾ
മുളക് – ആവശ്യത്തിന്
കല്ലുപ്പ്- 1 ടേബിൾ സ്പൂൺ
നാരങ്ങ- 1 ( വട്ടത്തിൽ അരിഞ്ഞത്)
വെളുത്തുള്ളി- 5 അല്ലി
ഉണ്ടാക്കുന്ന വിധം
മുളക് ചെറുതായി നെടുകെ കീറി വയ്‌ക്കുക. ഒരു പാത്രത്തിലേക്ക് അൽപം വെള്ളം എടുത്ത് തിളപ്പിക്കാൻ വയ്‌ക്കുക. ഇതിലേക്ക് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. വെള്ളം തിളച്ചുവരുന്ന സമയത്ത് വെളുത്തുള്ളിയും നാരങ്ങയും ചേർക്കാം. അൽപ സമയത്തിന് ശേഷം പച്ചമുളകും ഇട്ടുകൊടുത്ത് നന്നായി തിളപ്പിച്ചെടുക്കുക. മുളകിലേക്ക് ഉപ്പ് പിടിച്ചെന്ന് ഉറപ്പുവരുത്തുക. ഇത് ഒരു ഗ്ലാസ് ജാറിലേക്ക് പകർത്തി അടച്ചുവച്ച് ആവശ്യാനുസരണം എടുക്കാം. മോരിൽ ഈ മുളക് ഉടച്ച് കഴിക്കുന്നതും സ്വാദിഷ്ടമാണ്.















