മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (MVA) വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഒറ്റ ദിവസം കൊണ്ടുതന്നെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും. സഖ്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും മഹാ വികാസ് അഘാഡി ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.
മഹാ വികാസ് അഘാഡി കോൺഗ്രസ്, ശിവസേന (UBT), എൻസിപി (ശരദ് പവാർ) എന്നീ സഖ്യ കക്ഷികൾ വളരെ പക്വതയുള്ളവരാണ്. അതുകൊണ്ട് ആർക്ക് ഏത് സ്ഥാനം ലഭിക്കും എന്നതിനെച്ചൊല്ലി യാതൊരു വിധത്തിലുള്ള പ്രശ്‌നവുമുണ്ടാകില്ല. ഭൂരിപക്ഷം ലഭിച്ചാൽ സ്ഥാനങ്ങൾ തീരുമാനിക്കാൻ ഒരു ദിവസത്തിൽ കൂടുതൽ വേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സീറ്റ് വിഭജന സമയത്തുതന്നെ മഹാ വികാസ് അഘാഡി നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. ശിവസേനയും എൻസിപിയും അതൃപ്തി പ്രകടമാക്കി പരസ്യപ്രതികരണവും നടത്തി. ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് സച്ചിന്റെ പ്രതികരണം.
മറാത്ത്‌വാഡ മേഖലയുടെ പാർട്ടി ചുമതലയുള്ള സച്ചിൻ മഹാരാഷ്‌ട്രയിലെയും ഝാർഖണ്ഡിലെയും തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും ബിജെപി സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോൾ സൂചനകൾ സച്ചിൻ തള്ളിക്കളഞ്ഞു. എന്നാൽ ഹരിയാന തെരഞ്ഞെടുപ്പ് ഫലം ആശ്ചര്യപ്പെടുത്തുന്നുവെന്നും പരാജയം കോൺഗ്രസിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം സമ്മതിച്ചു.















