അബുദാബി; മെന മേഖലയിലെയും യുഎഇയിലെയും ഏറ്റവും മികച്ച സാംസ്‌കാരിക പദ്ധതികൾക്കുള്ള എം.ഇ.ഇ.ഡി പുരസ്‌കാരങ്ങൾ സ്വന്തമാക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. വാസ്തുവിദ്യാ മികവിനും സമൂഹത്തിന് നൽകുന്ന സംഭാവനയ്‌ക്കുമാണ് എം.ഇ.ഇ.ഡി. പ്രൊജക്ട് പുരസ്‌കാരത്തിന് ക്ഷേത്രം അർഹമായത്.
എൻജിനിയറിങ്, നവീകരണം, സുസ്ഥിരത എന്നിവയിലെ മികവിനാണ് എം.ഇ.ഇ.ഡി. പ്രൊജക്ട് പുരസ്‌കാരങ്ങൾ നൽകി വരുന്നത്. 40-ലേറെ പദ്ധതികളിൽ നിന്നാണ് പുരസ്‌കാരത്തിനായി ക്ഷേത്രത്തെ തിരഞ്ഞെടുത്തത്. സാങ്കേതിക, വാസ്തുവിദ്യാ മികവിനൊപ്പം മന്ദിറിന്റെ നിർമാണത്തിന് പ്രചോദനം നൽകിയ ഐക്യത്തിനുമാണ് പുരസ്‌കാരം ലഭിച്ചതെന്ന് ബി.എ.പി.എസ് ഹിന്ദുമന്ദിർ മേധാവി ബ്രഹ്‌മവിഹാരി ദാസ് പറഞ്ഞു.
യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സ്നേഹനിർഭരമായ പിന്തുണയോടെയാണ് ഈ സ്വപ്നം യാഥാർഥ്യമായത്. ആഗോളതലത്തിൽ 1600-ലേറെ ക്ഷേത്രങ്ങൾ ബി.എ.പി.എസ് നിർമിച്ചിട്ടുണ്ട്. എന്നാൽ അബുദാബിയിലെ ക്ഷേത്രം ഒട്ടേറെ സവിശേഷതകൾ ഉൾകൊള്ളുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ 8 മാസങ്ങൾക്ക് മുൻപാണ് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. ഇതിനകം 15 ലക്ഷത്തിലേറെ പേരാണ് ക്ഷേത്രം സന്ദർശിച്ചത്.













