മുംബൈ: മഹാരാഷ്‌ട്രയിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ലീഡ് നില കുത്തനെ ഉയർത്തി മഹായുതി സഖ്യം. 204 സീറ്റുകളിലാണ് സംസ്ഥാനത്ത് മഹായുതി ലീഡ് ചെയ്യുന്നത്. 70 സീറ്റുകളിൽ മഹാവികാസ് അഘാഡിയും ലീഡ് ചെയ്യുന്നുണ്ട്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മഹായുതിയിൽ തന്നെ ബിജെപിയാണ് കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്.
മത്സരിച്ച 149 സീറ്റുകളിൽ ഭൂരിപക്ഷത്തിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നേറ്റം തുടരുകയാണ്. മഹാവികാസ് അഘാഡിയിൽ മത്സരിച്ച 101 സീറ്റുകളിൽ 33 ഇടത്ത് കോൺഗ്രസ് മുന്നേറുന്നുണ്ട്. ശരദ് പവാറിന്റെ എൻസിപി 86ൽ 25ലും ഉദ്ധവ് പക്ഷം ശിവസേന 95ൽ 19 സീറ്റുകളിലുമായി ലീഡ് ചെയ്യുന്നു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോൾ സർവേകളും പ്രവചിച്ചിരുന്നത്.
ആക്‌സിസ്-മൈ ഇന്ത്യ, പീപ്പിൾസ് പൾസ്, പോൾ ഡയറി, ചാണക്യ എന്നിവ 175 സീറ്റുകളെങ്കിലും ബിജെപി സ്വന്തമാക്കുമെന്ന് പ്രവചിച്ചിരുന്നു. ആദ്യഫലസൂചനകൾ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ ബിജെപി, ശിവസേന ക്യാമ്പുകളിൽ വലിയ ആഘോഷപരിപാടികൾ തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും മധുരവിതരണവും ആരംഭിച്ച് കഴിഞ്ഞു. അധികാരത്തുടർച്ച ഉണ്ടാകുമെന്നും, മുൻ വർഷത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടിക്കൊണ്ട് തന്നെ ഇത്തവണ മഹായുതി അധികാരം ഊട്ടി ഉറപ്പിക്കുമെന്നും ബിജെപി നേതാക്കൾ പറയുന്നു.















