പ്രകൃതിയുടെ മടിത്തട്ടിൽ നടക്കുന്ന പല സംഭവങ്ങളും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട് . ഇപ്പോഴിതാ സമാനമായ ഒരു അത്ഭുതകരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ തന്നെ താഴേയ്‌ക്ക് ഇറങ്ങി വരുന്ന കാഴ്‌ച്ചയാണത് .
ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലെ കലിമന്താൻ ഖനന മേഖലയ്‌ക്ക് സമീപത്താണ് ആകാശത്ത് നിന്ന് മേഘം പോലെയുള്ള വസ്തു നിലത്തേക്ക് പതിച്ചത് . അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി . മേഘം താഴേയ്‌ക്ക് പതിക്കുന്നുവെന്ന കുറിപ്പോടെയാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് . എന്നാൽ ഇത് യഥാർത്ഥ മേഘമല്ലെന്നും നുരയെപ്പോലെയുള്ള പദാർത്ഥമാണെന്നും ഇന്തോനേഷ്യൻ മെറ്റീരിയോളജിക്കൽ ആൻഡ് ജിയോഫിസിക്കൽ ഏജൻസി (ബിഎംകെജി) വ്യക്തമാക്കി.
‘ സമീപത്ത് ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് , ഉയർന്ന മർദ്ദം മൂലം പുറത്തുവരുന്ന വാതകങ്ങൾ വായുവും ഈർപ്പവും സംയോജിപ്പിക്കുകയും വാതകം ഘനീഭവിക്കുകയും മേഘങ്ങളായി മാറുകയും ചെയ്യുന്നു. അതിനാൽ ഇത് ഒരു മേഘമല്ല, ഒരു നുരയാണ്. മേഘങ്ങൾ ഒരിക്കലും വീഴില്ല. കാരണം അവയുടെ കണികകൾ വളരെ ഭാരം കുറഞ്ഞതും ഒരു നിമിഷം കൊണ്ട് ചിതറിപ്പോകുന്നതുമാണ്. ഭൂമിയിലെത്തുന്നതിനുമുമ്പ് മേഘകണികകൾ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു, ‘ ബിഎംകെജിയിലെ പബ്ലിക് മെറ്റീരിയോളജി വിഭാഗം ഡയറക്ടർ ആൻഡ്രി രാംധാനി പറഞ്ഞു.