മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ വ്യക്തമായ ലീഡ് സ്വന്തമാക്കി എൻസിപി നേതാവ് അജിത് പവാർ. പവാർ കുടുംബത്തിനുള്ളിലെ മത്സരം നടക്കുന്ന ഇടമെന്ന നിലയിൽ വലിയ രീതിയിൽ മാദ്ധ്യമ ശ്രദ്ധ നേടിയ മണ്ഡലം കൂടിയാണ് ബാരാമതി. അജിത് പവാറിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്ര പവാറാണ് അജിത് പവാറിനെതിരെ മത്സരിച്ചത്.
9000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അജിത് പവാർ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ അജിത് പവാർ എൻഡിഎയിൽ ചേർന്നതോടെയാണ് എൻസിപി പിളർന്നത്. പിളർപ്പിന് ശേഷമുള്ള ആദ്യ മത്സരമായതിനാൽ അജിത്തിന് ഈ പോരാട്ടം നിർണായകമായിരുന്നു. നിലവിൽ ഷിൻഡെ സർക്കാരിലെ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ.
പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രമെന്നാണ് ബാരാമതി വിശേഷിക്കപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും, ശരദ് പവാറിന്റെ മകൾ സുപ്രിയെ സുലെയുമാണ് മണ്ഡലത്തിൽ ഏറ്റുമുട്ടിയത്. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുപ്രിയ വിജയിക്കുകയും ചെയ്തിരുന്നു. 2019ൽ ബാരാമതിയിൽ നിന്ന് തന്നെയാണ് അജിത് മത്സരിച്ച് വിജയിച്ചത്. ഇക്കുറിയും അജിത്തിനൊപ്പം തന്നെയാണ് മണ്ഡലത്തിലെ ജനങ്ങൾ എന്ന് ഉറപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.