ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര ഡൽഹിയിൽ. മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഡൽഹിയിലേക്ക് മടങ്ങിയതാണ് പ്രിയങ്ക. വോട്ടെണ്ണൽ ദിനത്തിലും മടങ്ങിയെത്തുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചെങ്കിലും ഡൽഹിയിൽ തുടരുകയായിരുന്നു.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്കയ്‌ക്കാണ് ലീഡ്. ഇതിനിടയിലാണ് പ്രിയങ്ക ഡൽഹിയിലെ ഖാൻ മാർക്കറ്റിലെ വസതിയിലേക്ക് വാഹനത്തിൽ എത്തുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടത്. പ്രിയങ്ക വിജയിച്ചാലും മണ്ഡലത്തിൽ ഉണ്ടാകില്ലെന്ന വിമർശനവും ശക്തമായിരുന്നു. ഇതിനിടയിലാണ് വോട്ടെണ്ണൽ ദിനം ഡൽഹിയിൽ തന്നെ തങ്ങിയ പ്രിയങ്കയുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
പ്രചാരണത്തിനിടയ്‌ക്കും പ്രിയങ്ക ഇടയ്‌ക്കിടെ ഡൽഹിയിലായിരുന്നു. കൽപറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ മുതൽ പാർട്ടി നേതാക്കളും അണികളും എത്തിയിരുന്നു. വയനാട്ടിൽ ഇത്തവണ 64.72 ശതമാനമായിരുന്നു പോളിംഗ്. വയനാട് എംപിയായിരുന്ന രാഹുൽ രാജിവെച്ചതിനെ തുടർന്നാണ് സഹോദരി പ്രിയങ്ക പകരക്കാരിയായി സ്ഥാനാർത്ഥിയായത്. വയനാടിനെ കുടുംബമണ്ഡലമാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നീക്കത്തിൽ വ്യാപക വിമർശനമാണ് പ്രചാരണത്തിലുടനീളം ഉയർന്നത്.
എൻഡിഎ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസും എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയുമാണ് പ്രിയങ്കയ്‌ക്കെതിരെ മത്സരിച്ചത്.















