ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, സംസ്ഥാനത്ത് സൗരോജ്ജ വൈദ്യുതി ഉത്പാദനത്തിൽ പുതിയ വിപ്ലവം സൃഷ്ടിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാനം സൗരോർജ്ജ മേഖലയിൽ അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. പിത്തോറഗഢിൽ നടന്ന ടെറിട്ടോറിയൽ ആർമി റിക്രൂട്ട്‌മെൻ്റിൽ മുഖ്യതിഥിയായി പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൗരോർജ്ജത്തിലൂടെ വൈദ്യൂതി ഉത്പാദിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പുതിയ വിപ്ലവം സൃഷ്ടിച്ചു. സംസ്ഥാനത്ത് ഇതുവരെ, 30 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന 7,592 ഗാർഹിക സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധവും ഹരിതാഭവുമായ ഊർജ്ജത്തിന്റെ ഉറവിടമായി ഉത്തരാഖണ്ഡ് മാറുകയാണെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.
പിത്തോറഗഢിൽ നിർമാണത്തിലിരിക്കുന്ന മെഡിക്കൽ കോളേജിന്റെ നിർമാണ പുരോഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശിക്കുകയും ചെയ്തു. പാർക്കിംഗിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പുറമേ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും പുഷ്കർ സിംഗ് ധാമി നിർദേശിച്ചു.