കശ്മീർ: ജമ്മു കശ്മീരിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കെതിരെ നടപടിയുമായി പൊലീസ്. മയക്കുമരുന്ന് കള്ളക്കടത്തുകാരനായ റഫീക്ക് അഹമ്മദ് ഖാന്റെ ഉടമസ്ഥതയിലുള്ള 1.72 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ജമ്മുവിലുള്ള ഇരുനില കെട്ടിടം, ടിപ്പർ, കാറുകൾ തുടങ്ങിയവയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നതായി ബാരാമുള്ള പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തുകയായിരുന്നു. ലഹരിവസ്തുക്കൾ വിറ്റാണ് ഇയാൾ സ്വത്ത് സമ്പാദനം നടത്തിയതെന്നും ഉദ്യോഗസ്ഥർ പറയുന്നു. നേരത്തെ അനന്തനാഗ് പൊലീസും സമാനമായ രീതിയിൽ മയക്കുമരുന്ന് കടത്തുകാരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു.
അഫ്രോസ് അഹമ്മദ് ഭട്ട് എന്നയാളുടെ 80 ലക്ഷം രൂപ വിലമതിക്കുന്ന കെട്ടിടം ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. അഫ്രോസ് അഹമ്മദ് സ്ഥിരം കുറ്റവാളിയാണെന്നും, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു. അഫ്രോസിന് പുറമെ പീർ തൗസിഫ് അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 70 ലക്ഷം രൂപ വിലമതിക്കുന്ന കെട്ടിടവും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇവർക്കെതിരെയുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.















