മുംബൈ: മഹായുതിയും ബിജെപിയും മഹാരാഷ്‌ട്രയിൽ നേടിയ മിന്നും വിജയത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിജയശിൽപിയെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മത്സരിച്ച 149 സീറ്റിൽ 125 ലും ബിജെപി വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ബിജെപി ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷത്തിന് അടുത്തെത്തിയതും ഫഡ്‌നാവിസിന് അഭിമാനിക്കാൻ വക നൽകുന്നുണ്ട്.
മഹാരാഷ്‌ട്രയിലെ ജനങ്ങൾ വിജയം സമ്മാനിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഇത് ഞങ്ങളുടെ പ്രതീക്ഷകൾക്കും മേലെയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നാവിസിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ഭരണഘടനാദിനമായ നവംബർ 26 ന് പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് സൂചന. രാജ്യത്തെ പിടിച്ച് കുലുക്കിയ മുംബൈ ഭീകരാക്രണം നടന്ന ദിനത്തിന്റ വാർഷികം കൂടിയാണ് നവംബർ 26.
അതേസമയം മഹാരാഷ്‌ട്രയിൽ മഹായുതി ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 288 സീറ്റുകളിൽ 224 സീറ്റിലും മഹായുതി ലീഡ് ചെയ്യുമ്പോൾ 53 ഇടത്ത് മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലീഡ് നേടാനായത്. കൂടുതൽ സീറ്റ് ചോദിച്ച് വാങ്ങിയ കോൺഗ്രസ് 19ൽ ഒതുങ്ങി. സ്വതന്ത്രർ 11 സീറ്റുകളിലും ലീഡ് നിലനിർത്തുന്നു. വിജയം ഉറപ്പായതോടെ മഹാരാഷ്‌ട്രയിലെ ബിജെപി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം പൊടിപൊടിക്കുകയാണ്.















