മുംബൈ: മഹാരാഷ്‌ട്രയിൽ വീണ്ടും മഹായുതി സഖ്യം ശക്തമായ മുന്നേറ്റം നടത്തി അധികാര തുടർച്ച നേടിയപ്പോൾ, നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ആറാം ജയം നേടാൻ പോകുന്നതിന്റെ സന്തോഷം പങ്കുവയ്‌ക്കുകയാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജയം ഉറപ്പായതിന് പിന്നാലെ തന്റെ അമ്മയെ വിളി്ച്ച് അനുഗ്രഹം തേടുന്ന ഫഡ്‌നാവിസിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എല്ലാ ജോലികളും അവസാനിപ്പിച്ച് വൈകുന്നേരത്തോടെ വീട്ടിലെത്തുമെന്നും, അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെന്നുമാണ് ഫഡ്‌നാവിസ് ഫോണിൽ കൂടി പറയുന്നത്. കോൺഗ്രസിന്റെ പ്രഫുല്ല വിനോദ് റാവു ഗുദാഡെ ആണ് മണ്ഡലത്തിൽ ഫഡ്നാവിസിനെതിരെ മത്സരിച്ചത്. തുടർച്ചയായ ആറാം വട്ടവും നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നുള്ള വിജയം ലക്ഷ്യമിട്ടാണ് അദ്ദേഹം ഇക്കുറിയും മത്സരത്തിനിറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണെന്നിരിക്കെ 223 സീറ്റുകളിലാണ് മഹായുതി ഇപ്പോൾ ലീഡ് ചെയ്യുന്നത്. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി വെറും 56 സീറ്റുകളിലേക്ക് ഒതുങ്ങി വലിയ തകർച്ചയാണ് നേരിടുന്നത്. വോട്ടെണ്ണലിന്റെ ആദ്യറൗണ്ട് മുതൽ തന്നെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും, അജിത് പവാറും അവരവരുടെ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. പവാർ കുടുംബത്തിലെ മത്സരമെന്ന നിലയിൽ മാദ്ധ്യമശ്രദ്ധ നേടിയ ബാരാമതിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അനന്തരവൻ യോഗേന്ദ്ര പവാറാണ് ഇവിടെ അജിത് പവാറിനെതിരെ മത്സരിച്ചത്.















