ന്യൂഡൽഹി: വയനാട്ടിൽ പ്രിയങ്ക വിജയം ഉറപ്പിച്ചതിന് പിന്നാലെ ഡൽഹിയിൽ ആഘോഷവുമായി ഭർത്താവ് റോബർട്ട് വാദ്ര. ഡൽഹിയിലെ വാദ്രയുടെ ഓഫീസിന് മുൻപിൽ അനുയായികൾ വാദ്യം മുഴക്കിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സജീവ രാഷ്‌ട്രീയത്തിലേക്ക് ഉടൻ ഇറങ്ങുമോയെന്ന ചോദ്യത്തിന് ജനങ്ങളുടെ സ്‌നേഹം കണ്ടില്ലേ എന്നായിരുന്നു വാദ്രയുടെ മറുപടി. എന്നാൽ പാർലമെന്റിലേക്ക് ഉടനില്ലെന്നും റോബർട്ട് വാദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ പ്രിയങ്ക പാർലമെന്റിലേക്ക് വരാൻ തയ്യാറെടുക്കുകയാണല്ലോ അതിന് ശേഷം എന്റെ സമയവും വരും. അത് വരുമ്പോൾ അപ്പോൾ നോക്കാം. ജനങ്ങൾ ആഗ്രഹിക്കുന്നത് സംഭവിക്കും. റോബർട്ട് വാദ്ര പറഞ്ഞു. പ്രിയങ്കയെ തെരഞ്ഞെടുത്തതിലും വിജയിപ്പിച്ചതിലും വയനാട്ടിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് വാദ്ര പറഞ്ഞു.
ശരിയായ തീരുമാനമെന്നാണ് കരുതുന്നത്. പ്രിയങ്ക അവർക്ക് വേണ്ടി എല്ലാ വിഷയത്തിലും പോരാടും. വയനാട്ടിൽ ഇനിയും പോകുമോയെന്ന ചോദ്യത്തിന് പ്രിയങ്ക എന്തെങ്കിലും ഏറ്റെടുത്താൽ അവരുടെ ഹൃദയവും ആത്മാവും അതിൽ സമർപ്പിക്കുന്നതാണ് പതിവ്. എല്ലായ്‌പോഴും താനും അതിനെ പിന്തുണച്ചിട്ടുണ്ട്. അങ്ങനെ ആവശ്യമെങ്കിൽ വയനാട്ടിലേക്ക് താനും പോകുമെന്ന് ആയിരുന്നു പ്രതികരണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിൽ വന്നപ്പോൾ ഉൾപ്പെടെ പ്രിയങ്കയ്‌ക്കൊപ്പം റോബർട്ട് വാദ്രയും മകനും ഉണ്ടായിരുന്നു.
പാർട്ടി അദ്ധ്യക്ഷ പദവി ഉൾപ്പെടെ കോൺഗ്രസിൽ വലിയ ഉത്തരവാദിത്വങ്ങൾ പ്രിയങ്ക ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് ഇത് ആദ്യ പടിയാണ്, സമയമാകുമ്പോൾ ഓരോ ചുവടും വെയ്‌ക്കുമെന്ന് ആയിരുന്നു മറുപടി.















