ദിസ്പൂർ: അസം ദേശീയോദ്യാനത്തിൽ പുലിത്തോലുമായി മൂന്നംഗ സംഘം പിടിയിൽ. അസമിലെ കൊക്രാജ്ഹറിലെ റായ മോണ ദേശീയ ഉദ്യാനത്തിൽ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കടത്താൻ ശ്രമിച്ച പുലിത്തോലും അഞ്ച് കിലോഗ്രാം മാംസവും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെയും സംഘം ഉദ്യാനത്തിൽ അതിക്രമിച്ച് കയറി മൃഗങ്ങളെ വേട്ടയാടിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആന, മാൻ, പുള്ളിപ്പുലി എന്നിവയുടെ തൊലിയും മറ്റ് ശരീരഭാഗങ്ങളും കടത്തിയതായി പ്രതികൾ സമ്മതിച്ചു. അയൽ രാജ്യങ്ങളിലേക്കാണ് കടത്തിയിരുന്നതെന്നും പ്രതികൾ മൊഴി നൽകി.
വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ പരിശോധയിലാണ് സംഘത്തെ പിടികൂടിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.















