സെലിബ്രിറ്റികൾ എന്ത് ചെയ്താലും ചില ഓൺനൈൻ ചാനലുകൾ വാർത്തയാക്കുന്നത് പതിവാണ്. താരങ്ങൾ അറിയുകപോലും ചെയ്യാത്ത കാര്യങ്ങളാകും വലിയ വാർത്തയായി പുറത്തുവരിക. ഒരു ചിത്രമോ വീഡിയോയോ വന്നാൽ അതിനെ ആഘോഷമാക്കുന്ന മറ്റ് ചിലരുമുണ്ട്. താരങ്ങളെ കരിവാരി തേയ്ക്കാനുള്ള കണ്ടെന്റ് തേടുന്നവരും സമൂഹമാദ്ധ്യമ ലോകത്ത് സുലഭമാണ്. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇത്തവണ നടി ഐശ്വര്യ ലക്ഷ്മിയാണ് സോഷ്യൽമീഡിയയുടെ വേട്ടമൃഗം.
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഹലോ മമ്മി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമാണ് ഐശ്വര്യ തിയേറ്ററിലെത്തിയത്. ഇതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് സമൂഹമാദ്ധ്യമ ഇടങ്ങളിൽ ചർച്ചയാകുന്നത്. സിനിമയ്ക്ക് ശേഷം ആശംസകളുമായി ആരാധകർ ഐശ്വര്യയുടെ ചുറ്റും കൂടിയിരുന്നു. ഇതിനിടെ സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ) ഐശ്വര്യയ്ക്ക് ഷേക്ക്ഹാൻഡ് കൊടുക്കാനായി കൈ നീട്ടുന്നുണ്ട്. എന്നാൽ പോകാൻ ധൃതിയിൽ നിൽക്കുന്ന ഐശ്വര്യ കൈ കൊടുക്കാതെ തിരിഞ്ഞുപോകുന്നതാണ് വീഡിയോ.
ഈ വീഡിയോ ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ കാമറ കണ്ണുകളിൽ പെട്ടതോടെ ഐശ്വര്യ ലക്ഷ്മി വില്ലത്തിയായി. സന്തോഷ് വർക്കിയെ അപമാനിച്ചു, ഒരു ഷേക്ക് ഹാൻഡ് കൊടുത്താൽ കയ്യിലെ വള ഊരി പേകുമോ, പണം മുടക്കി സിനിമ കാണുന്നവരോട് ജാഡ കാണിക്കരുത് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. അതുപോലെ സന്തോഷ് വർക്കിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇയാളൊരു പൊതുശല്യമാണെന്നും ഐശ്വര്യ ചെയ്തത് നല്ല കാര്യമാണെന്നും ചിലർ പറയുന്നു.
എന്നാൽ, വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് സന്തോഷ് വർക്കി തന്നെ തുറന്നുപറഞ്ഞിരുന്നു. ‘നല്ല ഉദ്ദേശ്യത്തോടെ മാത്രമാണ് ഞാൻ അവർക്ക് കൈ കൊടുത്തത്. തിരക്കുകൾ കാരണം അത് ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിന് വളരെ മോശമായ രീതിയിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. അനാവശ്യമായ ട്രോളുകളും പരിഹാസങ്ങളും ഒരുപാട് വിഷമമുണ്ടാക്കി. സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ഇന്നുവരെയും ഇവിടെയുള്ളവർ പഠിച്ചിട്ടില്ല’- എന്നായിരുന്നു സന്തോഷ് വർക്കിയുടെ വാക്കുകൾ.