മുംബൈ: ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന എംവിഎ നയം മഹാരാഷ്‌ട്രയിൽ നടപ്പാകില്ലെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം തകർന്നടിയുകയും മഹായുതി സഖ്യത്തിന് ഭരണത്തുടർച്ച ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫഡ്നാവിസിന്റെ പ്രതികരണം. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ മഹായുതി സഖ്യം ചർച്ച ചെയ്ത് പരസ്പരണ ധാരണയിലെത്തുമെന്നും ഫഡ്നാവിസ് അറിയിച്ചു.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല, തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് സഖ്യകക്ഷികളുടെയും നേതാക്കൾ ഒരുമിച്ചിരുന്ന് അത് തീരുമാനിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം കൈക്കൊള്ളുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് അഭൂതപൂർവമായ വിജയം സമ്മാനിച്ച മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ഫഡ്‌നാവിസ് പറഞ്ഞു. മഹായുതിയെ വിജയിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്നുവെന്നതാണ് മഹാരാഷ്‌ട്രയിലെ എൻഡിഎയുടെ വിജയം വ്യക്തമാക്കുന്നത്.
ഷിൻഡെയുടെ പാർട്ടിയാണ് യഥർത്ഥ ശിവസേനയെന്നും അജിത് പവാറിന്റെ ക്യാമ്പാണ് യഥാർത്ഥ എൻസിപിയെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു. അത് അംഗീകരിച്ചുകൊണ്ടുള്ള ജനവിധിയാണ് മഹാരാഷ്‌ട്രയിലേതെന്നും ദേവേന്ദ്ര ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
ബിജെപി, എൻസിപി (അജിത് പവാർ), ശിവസേന (ഏകനാഥ് ഷിൻഡെ) എന്നീ സഖ്യകക്ഷികളാണ് മഹായുതി സഖ്യത്തിലുള്ളത്. ഉച്ചതിരിഞ്ഞ് 3.30 വരെയുള്ള കണക്കുപ്രകാരം മഹാരാഷ്‌ട്രയിൽ വൻ മുന്നേറ്റമാണ് മഹായുതി സഖ്യം കാഴ്ചവച്ചിരിക്കുന്നത്. 130 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ഷിൻഡെയുടെ ശിവസേന 54 സീറ്റുകളിലും അജിത് പവാറിന്റെ എൻസിപി 40 സീറ്റുകളിലും മുന്നേറുകയാണ്.
വെറും 20 സീറ്റുകളിലാണ് ഉദ്ധവിന്റെ ശിവസേനയ്‌ക്ക് ലീഡുള്ളത്. കോൺഗ്രസ് 19 സീറ്റിൽ ഒതുങ്ങുന്ന കാഴ്ചയാണ്. ശരദ്പവാർ പക്ഷം എൻസിപി 13 സീറ്റിൽ നിൽക്കുകയാണ്. ഒറ്റനോട്ടത്തിൽ പറഞ്ഞാൽ മഹാരാഷ്‌ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 230 സീറ്റുകളും മഹായുതി സഖ്യം കയ്യടക്കി. വെറും 50ഓളം മണ്ഡലങ്ങളിലാണ് മഹാവികാസ് അഘാഡിക്ക് ലീഡ്.