കൽപ്പറ്റ: രാഷ്‌ട്രീയ നേതാവായും സഹോദരിയായും മകളായും ഒപ്പം നിന്ന് സംരക്ഷിച്ചവർക്ക് നന്ദി അറിയിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നവ്യ വയനാട്ടിലെ പ്രിയപ്പെട്ട ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നന്ദി അറിയിച്ചത്.
‘വിജയം അന്തിമമല്ല.. പരാജയം മാരകമല്ല.. അത് തുടരാനുള്ള ധൈര്യമാണ്’ എന്ന വിൻസ്റ്റൺ ചർച്ചിലിന്റെ വാക്കുകൾ കടമെടുത്താൽ അതായിരിക്കും യാഥാർത്ഥ്യമെന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ഹരിദാസിന്റെ വാക്കുകൾ തുടങ്ങിയത്. പേരുകേട്ട എതിരാളികളെ പരാജയപ്പെടുത്താൻ ഇറങ്ങുമ്പോൾ നേതൃത്വം എന്നിലർപ്പിച്ച വിശ്വാസം, അത് കൈവിടാതെ, വയനാട്ടുകാരിയായി ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിച്ചുവെന്ന് അവർ കുറിച്ചു. നല്ല മത്സരം കാഴ്ചവെച്ചുവെന്ന് മുതിർന്ന നേതാക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും അഭിപ്രായം പങ്കിടുമ്പോൾ.. അതിയായ സന്തോഷമുണ്ടെന്നും നവ്യ ഹരിദാസ് പറയുന്നു.
കഴിഞ്ഞ തവണ രാഹുലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 13 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 12 ശതമാനം വോട്ടുകൾ നിലനിർത്താൻ സാധിച്ചു. ഒരു ശതമാനം വോട്ടുകൾ മാത്രമാണ് കുറഞ്ഞത്. വികസനത്തിന്റെ കാഴ്ചപ്പാടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൻഡിഎ മുന്നോട്ടുവെച്ചതെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.
622338 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്രയ്‌ക്ക് ലഭിച്ചത്. എന്നാൽ കഴിഞ്ഞ തവണ രാഹുലിന് ലഭിച്ചത്രയും വോട്ടുകൾ പ്രിയങ്കയ്‌ക്ക് നേടാൻ കഴിഞ്ഞില്ല. റായ്ബറേലിയിലും വിജയിച്ചതോടെ രാഹുൽ വയനാട് സീറ്റ് ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സഹോദരിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കൂടിയായ നവ്യ ഹരിദാസ്. തുടർച്ചയായ രണ്ടാം തവണയാണ് കോർപ്പറേഷനിൽ വിജയിക്കുന്നത്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെയാണ് നേതൃത്വം നവ്യയെ വയനാട്ടിലേക്ക് നിയോഗിച്ചത്. പ്രചാരണത്തിലുടനീളം സാധാരണക്കാരിയായി വയനാട്ടുകാരുടെ പ്രശ്‌നങ്ങൾ മനസിലാക്കിയുളള ഇടപെടലുകളിലൂടെ അവരിൽ ഒരാളായി നവ്യ മാറിയിരുന്നു. ശക്തമായ മത്സരമായി മാറിയതോടെ കൂടുതൽ ദിവസം മണ്ഡലത്തിൽ തങ്ങാനും വോട്ടർമാരെ നേരിൽ കാണാനും പ്രിയങ്ക നിർബന്ധിതമായി.
ദേശീയ മാദ്ധ്യമങ്ങളോടും ടെലിവിഷൻ ചാനലുകളോടും വയനാടിനോട് രാഹുലും കോൺഗ്രസും കാണിച്ച അവഗണനയും കുടുംബമണ്ഡലമാക്കി മാറ്റിയെടുക്കാൻ നടക്കുന്ന ശ്രമവും ഉൾപ്പെടെ തുറന്നുകാട്ടാനും നവ്യയ്‌ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ദേശീയതലത്തിലും നവ്യയുടെ സ്ഥാനാർത്ഥിത്വം ശ്രദ്ധിക്കപ്പെട്ടിരുന്നു.















