മടിക്കേരി: ഫീൽഡ് മാർഷൽ കെഎം കരിയപ്പയെയും ജനറൽ തിമ്മയ്യയെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്ത പ്രതിയെ കുടക് പോലീസ് അറസ്റ്റ് ചെയ്തു.
അഭിഭാഷകനായ വിദ്യാധർ ഗൗഡയാണ് അറസ്റ്റിലായ പ്രതി, ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങി. സപ്ത സാഗർ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഫീൽഡ് മാർഷൽ കെഎം കരിയപ്പയെയും ജനറൽ തിമ്മയ്യയെയും അധിക്ഷേപിച്ച് ഇയാൾ പോസ്റ്റ് ചെയ്തത്. ശ്രീവത്സ ഭട്ട് എന്ന പേരിലുള്ള വാട്‌സ്ആപ്പ് നമ്പറിൽ നിന്നാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തത്. പിന്നീട് ഇതിന്റെ സ്‌ക്രീൻ ഷോട്ട് എല്ലായിടത്തും വൈറലായതോടെ ഇയാൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ശ്രീവത്സ ഭട്ടിന്റെ പിന്നിലെ ആളെ അറസ്റ്റു ചെയ്ത് നിയമനടപടി എടുക്കണം എന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തുകയും കുടക് ജില്ലാ പോലീസ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനൊടുവിൽ അഭിഭാഷകനും സുള്ള്യ സ്വദേശിയുമായ വിദ്യാധർ ഗൗഡയെ (66) കുടക് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.















