മുംബൈ: മുൻ ബിഗ്ബോസ് മത്സരാർത്ഥിയും ജനപ്രിയ സോഷ്യൽ മീഡിയ താരവുമായ അജാസ് ഖാന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി. വെർസോവ മണ്ഡലത്തിൽ നിന്നും ആസാദ് സമാജ് പാർട്ടിക്ക് വേണ്ടി മത്സരിച്ച താരത്തിന് നേടാനായത് വെറും 155 വോട്ടുകളാണ്. നോട്ടയ്ക്കുപോലും (NOTA) 1,298 വോട്ടുകൾ മണ്ഡലത്തിൽ ലഭിച്ചു.
അജാസ് ഖാന് ഇൻസ്റ്റഗ്രാമിൽ മാത്രം ഏകദേശം 5.6 മില്യൺ ഫോളോവെഴ്സുണ്ടെന്നതാണ് മറ്റൊരു വിരോധാഭാസം. എന്നാൽ ഇതൊന്നും വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ലെന്നുമാത്രം. താരത്തിന് കെട്ടിവച്ച തുകയും നഷ്ടമായി. അദ്ദേഹത്തിന്റെ സ്വന്തം കുടുംബാംഗങ്ങൾപോലും അജാസ് ഖാന് വോട്ട് ചെയ്തിട്ടില്ലെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. താരം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രൽ സീറ്റിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
അജാസിന്റെ ദയനീയ പരാജയം സോഷ്യൽ മീഡിയയും ആഘോഷമാക്കി. പലരും മീമുകളും ട്രോളുകളും പടച്ചുവിടുന്ന തിരക്കിലാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരിഹാസ കമന്റുകളും നിറഞ്ഞു. “അജാസിന് വോട്ട് ചെയ്ത ഈ 155 പേർ ആരാണ്? അവരെക്കുറിച്ച് ഒരു ഗവേഷണ പഠനം നടത്തേണ്ടതുണ്ട്” എന്ന് മറ്റൊരു ഉപയോക്താവ് തമാശയായി പറഞ്ഞു. റീൽ ലൈഫ് അല്ല യഥാർത്ഥ ജീവിതമെന്നും ചിലർ കമന്റ് ചെയ്തു.















