ബേസിൽ- നസ്രിയ കോംബോയെ ഏറ്റെടുത്ത് പ്രേക്ഷകർ. മികച്ച പ്രതികരണം നേടി കളക്ഷനിൽ കുതിക്കുകയാണ് സൂക്ഷ്മദർശിനി. അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി എന്റർടൈൻമെന്റ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആദ്യദിന കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആഗോളതലത്തിൽ നാല് കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 1.8 കോടിയും ചിത്രം നേടി.
നാല് വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം പുതിയൊരു വേഷത്തിലെത്തിയ നസ്രിയയുടെ പ്രകടനത്തെ പുകഴ്‌ത്തുകയാണ് പ്രേക്ഷകർ. ബേസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ഓവർസീസിലും സിനിമയ്‌ക്ക് ഗംഭീര കളക്ഷനാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ നസ്രിയ- ബേസിൽ കോംബോയോ കുറിച്ച് അഭിപ്രായങ്ങൾ പറയുകയാണ് ആരാധകർ.
അയൽവാസികളായ രണ്ട് പേരുടെ കഥ പറയുന്ന ചിത്രം എം സി ജിതിനാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന നസ്രിയയുടെയും ബേസിലിന്റെയും അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഉരുളയ്‌ക്ക് ഉപ്പേരി പോലുള്ള ഇരുവരുടെയും മറുപടിയും പരസ്പരം ട്രോളുന്ന ശൈലിയുമൊക്കെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ഹിറ്റ് ചിത്രവുമായി ഇരുവരും പ്രേക്ഷകരെ ഞെട്ടിച്ചത്.
പ്രിയദർശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സൂക്ഷ്മദർശിനി ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.















