പഞ്ചഭൂത ശിവക്ഷേത്രങ്ങളിൽ അഗ്നിലിംഗസാന്നിധ്യമുള്ള തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം കാർത്തിക ദീപ മഹോത്സവത്തിനൊരുങ്ങി. തമിഴ് മാസമായ കാർത്തികൈയിലെ കാർത്തിക അല്ലെങ്കിൽ കൃതികൈ നക്ഷത്രത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
ഇക്കുറി കാർത്തിക ദീപം ദർശിക്കാനും ഗിരിവലത്തിനുമായി 35 ലക്ഷം പേർ എത്തുമെന്നാണ് കണക്കാക്കുന്നത്.
തിരുവണ്ണാമലൈ കാർത്തിക ദീപ മഹോത്സവം 2024 ഡിസംബർ 1 മുതൽ ഡിസംബർ 17 വരെ നീണ്ടുനിൽക്കും. ഇതിൽ ഡിസംബർ 4 മുതൽ 13 വരെ 10 ദിവസങ്ങളിലായി മഹാ ഉത്സവം നടക്കും. 4-ന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന കാർത്തിക ദീപോത്സവം 13-ന് മലമുകളിൽ മഹാദീപം തെളിക്കുന്നതോടെ സമാപിക്കും.13-ന് രാവിലെ നാലിന് ഭരണി ദീപവും വൈകീട്ട് ആറിന് മലമുകളിൽ മഹാദീപകാഴ്ചയും ഉണ്ടാകും.
തിരുവണ്ണാമലൈ ഭരണി ദീപം സമയത്ത് 7050 ഭക്തരെയും 11,500 ഭക്തരെയും ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കും. മഹാ ദീപം സമയത്ത് 2000 ഭക്തരെ മലകയറാൻ അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്. ട്രെക്കിംഗ് റൂട്ടിൽ മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ തീർഥാടകരെ മലകയറാൻ അനുവദിക്കുകയുള്ളൂ.















