പനാജി: മലയാള സിനിമയ്ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ലാത്തതും നടിമാർക്കെതിരായ അതിക്രമങ്ങളിലേക്ക് വഴിവെക്കുന്നതാണെന്ന് മുതിർന്ന നടി സുഹാസിനി. ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചയിലാണ് സുഹാസിനി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടു പിടിച്ചായിരുന്നു ചർച്ച.
തമിഴ് സിനിമകൾ അധികവും ചെന്നൈയിലാണ് ചിത്രീകരിക്കുന്നത്. അതുപോലെ കന്നഡ സിനിമകൾ ബംഗളൂരുവിലും, തെലുങ്ക് സിനിമകൾ ഹൈദരാബാദിലും, ഹിന്ദി സിനിമകൾ മുംബൈയിലും ചിത്രീകരിക്കുന്നു. അവിടെ ഭൂരിഭാഗം നടിമാർക്കും ഷൂട്ടിംഗ് കഴിഞ്ഞാൽ പോയി വരാം. പക്ഷേ. മലയാളത്തിൽ അങ്ങനെയല്ല, പ്രത്യേകമായ ഒരു സ്ഥലമില്ല. ലൊക്കേഷൻ അകലെയായതിനാൽ നടിമാർക്ക് പലപ്പോഴും മടങ്ങാനാകില്ല. യൂണിറ്റിനൊപ്പം ദിവസങ്ങളോളം അവർക്ക് തങ്ങേണ്ടി വരും. അതാണ് പലപ്പോഴും പ്രശ്‌നങ്ങൾക്കിടയാക്കുന്നത്.
മറ്റ് മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി കഴിഞ്ഞ് വീട്ടിൽ പോകാം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം. പക്ഷേ, സിനിമയിൽ ജോലി ചെയ്യുന്നവരുടെ കാര്യം അങ്ങനെയല്ല. 200-300 ആളുകൾ ഒരു സ്ഥലത്ത് ഒത്തുകൂടുന്നു, പിന്നീട് അവരെല്ലാം കൂടി ഒരു കുടുംബമായി മാറുന്നു. കർശനമായ ഒരു നിയമങ്ങളോ ഒന്നുമില്ലാതെയാണ് ഈ 200 പേർ ഒരു സ്ഥലത്ത് ഒന്നിച്ചു കഴിയുന്നത്. ആ സമയത്ത് ചിലപ്പോൾ മനപ്പൂർവ്വമോ അല്ലാതെയോ ചിലരുടെ ഭാഗത്ത് നിന്ന് പരിധികൾ ലംഘിക്കപ്പെട്ടേക്കാം. അതാണ് പ്രശ്‌നം. മലയാളം സിനിമാ മേഖലയിലും സംഭവിച്ചത് ഇതേ കാര്യമാണെന്ന് അവർ പറഞ്ഞു.
ഈ മേഖലയിൽ അധികം പരിചയമില്ലാത്ത ചെറുപ്പക്കാർ ഉണ്ടാകും. ഈ ഇൻഡസട്രി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അവർക്ക് അറിയില്ല. അവരും ചിലപ്പോൾ ഇത്തരം അവസരങ്ങൾ മുതലെടുത്തേക്കാമെന്ന് സുഹാസിനി പറഞ്ഞു.
അങ്ങനെ പെരുമാറുന്നവരെ വീണ്ടും അവസരം നൽകാതെ സെറ്റിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. അങ്ങനെയുണ്ടായാൽ എന്താണ് ചെയ്യുകയെന്ന് ഭർത്താവ് മണിരത്‌നത്തിനോട് ചോദിച്ചു. അപ്പോൾ
തന്റെ സെറ്റിൽ നിന്നും അങ്ങനെ ഒരാളെ പുറത്താക്കിയ സംഭവമാണ് മണിരത്‌നം പറഞ്ഞതെന്നും സുഹാസിനി വേദിയിൽ പറഞ്ഞു.















