ന്യൂഡൽഹി: എൻസിസി കേഡറ്റായിരുന്ന കാലം ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് അദ്ദേഹം സ്കൂൾ കാലത്തിലേക്ക് തിരിച്ചു പോയത്. 116 മത് പതിപ്പാണ് ഇന്ന് പ്രക്ഷേപണം ചെയ്തത്.
” ഇന്ന് എൻസിസി ദിനമാണ്. എൻസിസി എന്ന് കേൾക്കുമ്പോൾ നമ്മുടെ സ്കൂൾ- കോളേജ് കാലം ഓർമ്മവരും. ഞാനും ഒരു എൻസിസി കേഡറ്റ് ആയിരുന്നു. അന്ന് നേടിയ അനുഭവങ്ങൾ ജീവിതത്തിൽ ഉടനീളം ആത്മവിശ്വാസം നൽകുന്നതാണ്. യുവാക്കളിൽ അച്ചടക്കവും സേവന മനോഭാവവും വളർത്തുന്നതിൽ എൻസിസി സുപ്രധാന പങ്കാണ് വഹിക്കുന്നത്. പ്രകൃതിദുരന്തങ്ങളിൽ പോലും എൻസിസി കേഡറ്റുകൾ രക്ഷാപ്രവർത്തനതിന് മുന്നിൽ ഉണ്ടാകും.
ഇന്ന് രാജ്യത്ത് എൻസിസിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. 2104ൽ 14 ലക്ഷമായിരുന്ന കേഡറ്റുകളുടെ അംഗസംഖ്യ. ഇന്നത് 24 ലക്ഷമാണ്. 5000 പുതിയ വിദ്യാഭ്യാസ സ്ഥപനങ്ങളാണ് ഇതിന്റെ ഭാഗമായത്. പെൺകുട്ടികളുടെ എണ്ണം 25ൽ നിന്ന് 40 ശതമാനമായി ഉയർന്നു. അതിർത്തി ഗ്രാമങ്ങളിലെ കൂടുതൽ യുവാക്കളെ എൻസിസിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















