ജയ്പൂർ: ബെക്കിൽ ഇരുന്ന് സിഗരറ്റിന് തീകൊളുത്തിയ യുവാവിന് ഗുരുതര പരിക്ക്. പെട്രോൾ ടാങ്കിൽ തീപ്പൊരി വീണതാണ് അപകടത്തിന് കാരണമായത്. 85 ശതമാനം പൊള്ളലേറ്റ ഹൃത്വിക് മൽഹോത്രയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്
രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. ഡിപ്പാർട്ട്‌മെന്‍റിനകത്ത് ഇന്‍റേണൽ പരീക്ഷ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാവ് സ്വയം തീ കൊളുത്തിയെന്നാണ് ആദ്യം ചുറ്റുമുള്ളവർ ധരിച്ചത്. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അദ്ധ്യാപരും വിദ്യാർഥികളും ചേർന്നാണ് തീ അണച്ച ശേഷം ആശുപത്രി എത്തിച്ചത്.
‘നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിയത്. ബൈക്കോടെ കത്തുകയായിരുന്നുവെന്ന്’- നാടക വിഭാഗം മേധാവി അർച്ചന ശ്രീവാസ്തവ പറഞ്ഞു. അപകടമുണ്ടായ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി ഹൃത്വികിന് നിയമനം ലഭിച്ചിരുന്നു. അടുത്താഴ്ച ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.
സിഗരറ്റിൽ നിന്നുള്ള തീപ്പൊരി ഇയാൾ ഇരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിൽ വീണതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.















