ആലപ്പുഴ: റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്കിൽ നിന്നും തെറിച്ച് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ്(32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചു കെട്ടിയ കയറാണ് സെയ്ദിന്റെ കഴുത്തിൽ കുരുങ്ങിയത്. ഇതോടെ ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം. അപകടത്തിൽ യുവാവിന്റെ ഭാര്യയ്‌ക്കും രണ്ട് മക്കൾക്കും പരിക്കേറ്റു. മുത്തൂർ ഗവൺമെന്റ് സ്‌കൂളിന് മുന്നിലുണ്ടായിരുന്ന മരം മുറിക്കുന്നതിനിടെയാണ് സംഭവം. റോഡിന് കുറുകെ കയർ കെട്ടിയിട്ടുണ്ടെന്ന മുന്നറിയിപ്പ് തൊഴിലാളികളോ, കരാറുകാരനോ വാഹനങ്ങൾക്ക് നൽകിയില്ലെന്നാണ് പ്രാഥമിക നിഗമനം.
ബൈക്ക് മറിഞ്ഞതോടെ ഗുരുതരമായി പരിക്കേറ്റ സെയ്ദിനെയും കുടുംബത്തേയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും സെയ്ദിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കരാറുകാരനും മരംവെട്ടുതൊഴിലാളികൾക്കുമെതിരെ കേസെടുക്കുമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.















