പന്തളം: ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്ക്. ചന്ദ്രാനന്ദൻ റോഡിലൂടെ കാൽനടയായി യാത്ര ചെയ്യുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. 29 കാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരിക്കേറ്റത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പമ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തീർത്ഥാടകന്റെ ആരോഗ്യനില പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
ശബരിമലയിലേക്കെത്തുന്ന തീർത്ഥാടകർക്ക് സുരക്ഷിതത്വം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെടുകയാണെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. മരച്ചില്ലകൾ വെട്ടി ഒതുക്കുന്നതിന് വനംവകുപ്പോ അധികൃതരോ മുൻകൈ എടുത്തില്ലെന്ന വിമർശനങ്ങളും ഉയർന്നുണ്ട്.
തീർത്ഥാടകർ സന്നിധാനത്തേക്കെത്തുന്ന വഴികളിൽ പരിശോധന നടത്തുന്നതിനോ തീർത്ഥാടകർക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനോ അധികൃതർ തയ്യാറാവുന്നില്ലെന്നും ഭക്തർ ആരോപിച്ചിരുന്നു.















