തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ശബരിമല സ്ത്രീ പ്രവേശനം തടയാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സത്കർമ്മമായി കരുതുന്നുവെന്നും ബിജെപി നേതാവായിരുന്ന പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ ശബരിമല നട അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ തുലാമാസ പൂജസമയത്ത് നട അടയ്‌ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്റെ പിൻബലത്തിലായിരുന്നെന്ന് ശ്രീധരൻ പിള്ള
പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് നന്മണ്ട സ്വദേശിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. എന്നാൽ കോടതിവിധികളെ ന്യായമായി വിമർശിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാൻ ആകില്ലെന്ന് ആയിരുന്നു ഈ കേസിൽ ഹൈക്കോടതി നിലപാട്.
സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനം നടത്താൻ ഇടതു സർക്കാർ ഒത്താശയോടെ നടന്ന ശ്രമങ്ങൾ പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു സംഭവം.
താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നതായി പി.എസ് ശ്രീധരൻ പിള്ള
പറഞ്ഞു. പ്രസംഗത്തിലെ ഒരു വാക്ക് അടർത്തിയെടുത്ത് വിലയിരുത്തുന്നത് തെറ്റാണെന്ന് കോടതി തന്നെ പറഞ്ഞു.
ശബരിമല സമരത്തെ വർഗീയവൽക്കരിക്കാൻ ശ്രമിച്ചു. പ്രസംഗത്തിന്റെ ഫുൾ ടെക്‌സ്്റ്റ് ഞങ്ങൾ തന്നെ കൈമാറിയിരുന്നു. കോൺഗ്രസ് നേതാവും വീക്ഷണത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫുമായിരുന്ന വ്യക്തിയാണ് കേസ് കൊടുത്തത്. കൊടുത്ത പരാതിയിൽ ആരോപിക്കപ്പെട്ടത് രാജ്യദ്രോഹക്കുറ്റവും കോടതിയലക്ഷ്യവും ഗൂഢാലോചനയുമാണ്.
ഗൂഢാലോചനാക്കുറ്റത്തിന് 120 ബി, 153 വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് 153 തുടങ്ങിയ വകുപ്പുകളാണിട്ടതെന്ന് പി.എസ് ശ്രീധരൻപിളള പറഞ്ഞു. ശബരിമല സമരത്തിൽ മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ ആക്ഷേപം പറഞ്ഞ ഒരു സംഭവം പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. പിന്നെങ്ങനെ ഇത് വർഗീയമാകുമെന്ന് അറിയില്ല. ജനാധിപത്യത്തിൽ പൗരാവകാശമാണ് വലുത്. ആർട്ടിക്കിൾ 19 (1) പ്രകാരം എനിക്ക് ഇത് പറയാൻ അവകാശമുണ്ടെന്ന് പറഞ്ഞാണ് ഹൈക്കോടതി ഉത്തരവ് എന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ഹിമാലയൻ മണ്ടത്തരത്തിന് അവാർഡ് കൊടുക്കുന്നെങ്കിൽ അന്നത്തെ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും നൽകണം. മുഖ്യമന്ത്രി മുഴുവൻ വായിക്കട്ടെ. സർക്കാർ സമ്മർദ്ദം ചെലുത്തിയപ്പോൾ എഫ്‌ഐആർ ഇടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.















