പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനും തൊഴിലാളികളും കസ്റ്റഡിയിൽ. സുരക്ഷ പാലിച്ചല്ല മരം മുറിക്കാനായി കയർ കെട്ടിയതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കരാറുകാരനും തൊഴിലാളികളുമടക്കം 6 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. കയർ കെട്ടിയ വിവരം വാഹനങ്ങളെ അറിയിക്കുന്നതിനായി ആളുകളെ നിർത്തിയില്ലെന്നും പൊലീസ് പറഞ്ഞു. ഗുരുതര വീഴ്ചകളാണ് അപകടത്തിന് കാരണമായത്.
വൈകിട്ടായിരുന്നു അപകടം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സെയ്ദിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















