ന്യൂഡൽഹി; പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. വഖ്ഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പുതിയ കരട് നിയമനിർമാണങ്ങളിൽ ഒരു സഹകരണ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 20 വരെ സമ്മേളനം തുടരും. ഭരണഘടനാ ദിനം ആചരിക്കുന്ന 26ാം തിയതി ലോക്സഭയുടെയും രാജ്യസഭയുടെയും സിറ്റിംഗുകൾ ഉണ്ടാകില്ല.സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉൾപ്പെടെ കഴിഞ്ഞ സമ്മേളനകാലത്തിന് ശേഷം അന്തരിച്ച അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും സഭാ നടപടികൾ ആരംഭിക്കുത്. അനുശോചനം രേഖപ്പെടുത്തി സഭ ഇന്നത്തേക്ക് പിരിയും.
അതേസമയം പാർലമെന്റ് സമ്മേളനത്തിൽ ഏത് വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. വഖ്ഫ്, അദാനി, മണിപ്പൂർ വിഷയങ്ങൾ സഭയിൽ ഉയർത്തുമെന്ന പ്രതിപക്ഷ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കിരൺ റിജിജു കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം ചേർന്നിരുന്നു.
30 രാഷ്‌ട്രീയ പാർട്ടികളിൽ നിന്നായി 42 നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ചർച്ച ചെയ്യേണ്ടതായ നിരവധി വിഷയങ്ങളുണ്ട്. പലരും പല വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. ശീതകാല സമ്മേളനം ഭംഗിയായി നടക്കണമെങ്കിൽ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. പാർലമെന്റിന്റെ ഇരുസഭകളിലും സമാധാനപരമായ രീതിയിൽ ചർച്ചകൾ നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കിരൺ റിജിജു വ്യക്തമാക്കി.















