ചാലക്കുടി: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച വ്‌ളോഗർ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. മാരാംകോട് പടിഞ്ഞാക്കര ബിനീഷ് ബെന്നി(32)യെ ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ കുഞ്ഞിനെ തിരികെ വിളിക്കാൻ എത്തിയപ്പോൾ പ്രതി, യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ പകർത്തുകയുമായിരുന്നു. വീഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമം നടത്തിയതോടെയാണ് യുവതി, പീഡനവിവരം ഭർത്താവിനെ അറിയിച്ചത്.
ഭർത്താവിന്റെ സഹായത്തോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയ വിവരം അറിഞ്ഞതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. 2022ൽ നിലമ്പൂരിലെ ഒരു സ്ത്രീ പീഡനക്കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. 2017 വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരിൽ കേസുള്ളതായി പൊലീസ് അറിയിച്ചു.















