തിരുവനന്തപുരം: ശ്രീകാര്യം കരുമ്പുകോണത്ത് ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി വി.എസ്. ശൈലജ (72 ) ആണ് മരണമടഞ്ഞത്. ഞായറാഴ്ച രാവിലെയാണ് ഒന്നരമീറ്ററിലേറെ ആഴമുള്ള ഓടയിൽ വീണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ഏഴരയോടെ ശ്രീകാര്യം ഇടവക്കോട് പത്മ ഹോളാേ ബ്രിക്സിന് സമീപത്തെ ഓടയിലാണ് ശൈലജ വീണത്. മകളുടെ വീട്ടിലേക്ക് പോകവേ വഴിയിൽ പട്ടിയെ കണ്ട് ഭയന്ന് വലത്തോട്ടുള്ള മുളവൂർ ലൈനിലേക്ക് നടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ വഴിയിൽ ഓടയിൽ രണ്ട് ഭാഗത്ത് സ്ളാബ് ഇല്ലാത്ത അവസ്ഥയാണ്.
സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് വീണത് തലേന്നാണെന്ന് മനസിലായത്. ഓടയുടെ വക്കിൽ ഇടിച്ച് തലയ്‌ക്കേറ്റ മുറിവിൽ നിന്ന് ചോര വാർന്ന് മരിക്കുകയായിരുന്നു.
തിരുവനന്തപുരം തേക്കുംമൂട് കണ്ടത്തിങ്കൽ ടി.ആർ.എ- 66 എ വീട്ടിൽ കേരള ആഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ റിട്ട.മാനേജർ സി.എസ്.സുശീലൻ പണിക്കരുടെ ഭാര്യയാണ് ശൈലജ. കല്ലംപള്ളി പ്രതിഭ നഗറിൽ താമസിക്കുന്ന മകൾ ഡോ. അഞ്ജുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് തേക്കുംമൂട്ടിലെ വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും.ശവസംസ്‌കാരം രാവിലെ 10 ന് ശാന്തി കവാടത്തിൽ.















