ഇരിട്ടി: അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവർ ഓഫ് അറ്റോർണി വ്യാജമായി ഉണ്ടാക്കി സ്ഥലം വിൽപന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഉളിയിൽ സ്വദേശി അക്കരമ്മൽ ഹൗസിൽ കെ.വി. മായൻ, ഇരിട്ടിയിലെ ആധാരം എഴുത്തുകാരൻ കോയ്യോടൻ മനോഹരൻ എന്നിവരെയാണ് കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2023 ഡിസംബർ 12 നാണ് കേസിനാസ്പദമായ സംഭവം. ഇരിട്ടി താലുക്കിലെ ഉളിയിൽ എന്ന സ്ഥലത്തെ 0.1872 ഹെക്ടർ ഭൂമി വിൽപന നടത്തുന്നതിനായാണ് വ്യാജ പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയത്. അഡ്വ. സി. കെ. രത്‌നാകരന്റെ രജിസ്‌ട്രേഷൻ നമ്പറും സീലും ഉപയോഗിച്ച് കൃത്രിമ ഒപ്പിട്ട് നോട്ടറി അറ്റസ്റ്റ് ചെയ്തതായി കാണിച്ചു. തുടർന്ന് പവർ ഓഫ് അറ്റോർണി അസ്സൽ എന്ന രീതിയിൽ ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കുകയും സ്ഥലം വീരാജ് പേട്ട സ്വദേശിക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു.
ഇതിനിടയിൽ ജില്ലാ രജിസ്റ്റർക്ക് കിട്ടിയ പരാതിയിൽ വിശദമായ പരിശോധന നടന്നു. ആർക്കും പവർ ഓഫ് അറ്റോർണി അറ്റസ്റ്റ് ചെയ്ത് നൽകിയിട്ടില്ലെന്ന് അഡ്വ.സി.കെ. രത്‌നാകരൻ ജില്ലാ റജിസ്ട്രാറെ അറിയിച്ചു. വ്യാജ ഒപ്പും സീലും ഉണ്ടാക്കിയതിന് സി.കെ. രത്‌നാകരന്റെ പരാതിയിൽ മായനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് എഴുത്തുകാരനായ മനോഹരനാണ് ആധാരം ഉണ്ടാക്കിയതെന്ന് മനസ്സിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.