കണ്ണൂർ : സ്കൂൾ കുട്ടികളുടെ ചിത്രരചന മത്സരത്തിന് മുഖ്യാതിഥിയായി ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ട പി. പി ദിവ്യ. ചെറുകുന്ന് ഗവ. ബോയ്സ് സ്കൂളിലെ 1994 എസ്എസ്എൽസി ബാച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി.പി ദിവ്യ മുഖ്യാതിഥിയാകുന്നത്.
ഡിസംബർ ഒന്നിനാണ് സചിത്രം -24 എന്ന പേരിൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. പി. പി ദിവ്യയുടെ ഇരിണാവിലെ വീടിന് സമീപത്താണ് സ്കൂൾ. പോസ്റ്ററിൽ ദിവ്യയുടെ ഫോട്ടോയ്‌ക്ക് താഴെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയതിനാൽ പിപി ദിവ്യയുടെ അധിക്ഷേപത്തെ തുടർന്ന് കണ്ണൂർ എ ഡി എം നവീൻ ബാബു ജീവനൊടുക്കുന്നതിനു മുൻപ് നിശ്ചയിച്ച പരിപാടിയല്ലെന്ന് വ്യക്തം.
ആത്മഹത്യാ പ്രേരണാകുറ്റത്തിന് പ്രതിയായി കോടതി ജാമ്യത്തിൽ ഇറങ്ങിയ ദിവ്യയെ സ്കൂൾ കുട്ടികളുടെ പരിപാടിയിൽ മുഖ്യാതിഥി സ്ഥാനത്ത് ഇരുത്തിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കുണ്ടായ പ്രതിച്ഛായാ നഷ്ടം നികത്താനാണ് ഈ കുറ്റാരോപിതയെ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. ദിവ്യയെ വെളള പൂശാൻ സിപിഎമ്മിലെ ചില ഉന്നതർക്കുള്ള താത്‌പര്യം മുൻപേ പരസ്യമായതുമാണ്.
എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 11 ദിവസം റിമാൻഡിലായിരുന്ന ദിവ്യ നവംബർ എട്ടിനാണ് പുറത്തിറങ്ങിയത്. ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സി.പി.എമ്മിന്റെ ജില്ലാ നേതാക്കളും എത്തിയിരുന്നു.















