പാലക്കാട് എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും കോൺഗ്രസ് പ്രവർത്തിച്ചിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു.
പാലക്കാട് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി വോട്ട് വേണ്ടെന്നു വെക്കാൻ യുഡിഎഫ് തയ്യാറാകുമോ എന്നത് തെരഞ്ഞെടുപ്പിൽ ഉടനീളം ഉയർന്ന ചോദ്യമായിരുന്നു. എന്നാൽ അതിന് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കോൺഗ്രസ് നേതൃത്വം. ഇപ്പോൾ എസ്ഡിപിഐ ജമാഅത്ത് ഇസ്ലാമി നേതാക്കൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുടെ ഓഫീസിലെത്തിയാണ് രാഹുൽ നേതാക്കളെ സന്ദർശിച്ചതെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്.
കൂടാതെ വിക്ടോറിയ കോളേജിന് സമീപത്തുള്ള പഴയ കോട്ട ഹനഫി ജുമാ മസ്ജിദ് പള്ളിക്ക് മുൻപിൽ എസ്ഡിപിഐക്കാർക്കൊപ്പവും രാഹുൽ നിൽക്കുന്ന ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു. മസ്ജിദുകൾ കേന്ദ്രീകരിച്ച് എസ്ഡിപിഐ പ്രവർത്തകർ ലഘുലേഖ വിതരണം നടത്തി എന്നതും ഇതിൽ നിന്ന് വ്യക്തമാണ്. മസ്ജിദിന് മുൻപിൽ രാഹുലിനൊപ്പം നിൽക്കുന്ന വ്യക്തിയുടെ കയ്യിൽ ലഘുലേഖ കാണാനാവും.
യുഡിഎഫിന് പതിനായിരത്തിലേറെ വോട്ടുകൾ തങ്ങൾ നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തുകയും ചെയ്തിരുന്നു. എസ്ഡിപിഐയുമായി യാതൊരു ധാരണയിലും തങ്ങൾ എത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തുടർച്ചയായി നടത്തിയ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.















