വയനാട്: തോൽപ്പെട്ടിയിൽ വനവാസികൾക്ക് നേരെ വനംവകുപ്പിന്റെ അതിക്രമം. വനവാസികൾ താമസിച്ചിരുന്ന കുടിലുകൾ വനംവകുപ്പിന്റെ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. 16 വർഷമായി വനത്തിൽ താമസിച്ചിരുന്ന മൂന്ന് വനവാസി കുടുംബത്തിന്റെ വീടുകളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം.
സ്ത്രീകൾ മാത്രമുള്ളപ്പോഴായിരുന്നു അതിക്രമം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുടിലുകളൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തങ്ങൾ 16 വർഷമായി ഈ കുടിലുകളിൽ താമസിക്കുന്നവരാണെന്നും ഒഴിഞ്ഞുപോകാൻ മറ്റൊരിടമില്ലെന്നും ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥർ സ്ത്രീകളെയും കുട്ടികളെയും ബലമായി പിടിച്ചിറക്കി കുടിലുകൾ നശിപ്പിച്ചു.
വനംവകുപ്പിന്റെ സ്ഥലത്ത് അനധികൃതമായാണ് കുടുംബങ്ങൾ താമസിക്കുന്നതെന്നാണ് വനംവകുപ്പിന്റെ ന്യായീകരണം. കുടുംബങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ ശ്രമിക്കുമെന്ന് ഇവർ പറയുമ്പോഴും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. പൊളിച്ചുമാറ്റിയ കുടിലുണ്ടായിരുന്ന സ്ഥലത്താണ് ഇന്നലെ രാത്രി ഇവർ കഴിഞ്ഞത്.
പട്ടിക ജാതി- പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ നിയോജക മണ്ഡലത്തിലാണ് സംഭവം. വനവാസികളെ സംരക്ഷിക്കുമെന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും വാഗ്ദാനങ്ങൾക്ക് വിപരീതമായാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ.