ന്യൂഡൽഹി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് പ്രത്യേക പാക്കേജ് നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. പാർലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിൽ വൈകിട്ടായിരുന്നു കൂടിക്കാഴ്ച.
വയനാടിന് സഹായം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയതായി കെ.വി. തോമസ് പറഞ്ഞു. ധനമന്ത്രി ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉറപ്പ് നൽകിയതായും ദുരന്തവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. വൈകാതെ ദുരിതബാധിതർക്കുള്ള പാക്കേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ കെ വി തോമസ് പറഞ്ഞു.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും അങ്ങനൊരു സാദ്ധ്യതയില്ലെന്നും അടുത്തിടെ കേന്ദ്രസർക്കാർ കെവി തോമസിന് മറുപടി നൽകിയിരുന്നു. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് തന്നെ ദേശീയ ദുരന്തം എന്നൊന്നില്ലെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ മറുപടി.
നേരത്തെ വിശദമായ കണക്കുകളും രേഖകളും നൽകണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. ഇത് ഇപ്പോൾ നൽകിയിട്ടുണ്ടെന്നാണ് കെവി തോമസ് അവകാശപ്പെടുന്നത്. 291.20 കോടി രൂപ കേന്ദ്രവിഹിതവും 96.80 കോടി സംസ്ഥാന വിഹിതവും ഉൾപ്പെടെ 2024-25 സാമ്പത്തിക വർഷം 388.80 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് കേന്ദ്രസർക്കാർ വയനാട് ദുരന്തത്തിന് ശേഷവും പണം നൽകിയിട്ടുണ്ടെന്നും ഏപ്രിൽ ഒന്നിന് 400 കോടിയോളം രൂപ നിലവിലുണ്ടെന്നാണ് അക്കൗണ്ടന്റ് ജനറൽ നൽകിയ മറുപടിയെന്നും കേന്ദ്രം നേരത്തെ കെവി തോമസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.















