തായ്ലൻഡ് യാത്രയ്‌ക്കിടെ എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയതിന്റെ കാരണം വ്യക്തമാക്കി നടിയും സോഷ്യൽ മീഡിയ താരവുമായ മഞ്ജു പത്രോസ്. ഒരു സർജറിയെ തുടർന്ന് ശാരീരിക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് തന്നെ മാനസികമായും തളർത്തിയെന്നും മഞ്ജു പത്രോസ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ ബ്ലാക്കീസിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘തായ്ലൻഡിൽ നിന്ന് ഞങ്ങൾ തിരികെ വരികെയായിരുന്നു. എയർപോർട്ടിൽ നിന്ന് ഒരു കുപ്പി മദ്യം വാങ്ങി. ലഗേജ് കൊടുത്തുവിട്ടതിന് ശേഷമാണ് കുപ്പി വാങ്ങിയത്. മദ്യ കുപ്പി ഷോൾഡർ ബാഗിൽ വച്ചു. പപ്പയ്‌ക്കാണ് കുപ്പി വാങ്ങിയത്. ബാഗ് സ്കാൻ ചെയ്തപ്പോൾ കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞു. ഇത് കേട്ടയുടനെ ഞാൻ ഉച്ചത്തിൽ ബഹളമുണ്ടാക്കാൻ തുടങ്ങി. ഓഫീസർ എന്നോട് വളരെ കൂളായിട്ടാണ് സംസാരിച്ചത്. പക്ഷേ, ഞാൻ ഓവറായി ടെൻഷൻ അടിക്കാൻ തുടങ്ങിയിരുന്നെന്നും’ മഞ്ജു പത്രോസ് പറഞ്ഞു. പിന്നീട് ഈ സംഭവത്തെ കുറിച്ച് സുഹൃത്ത് സിമി തന്നോട് ചോദിച്ചെന്നും താൻ ഭയങ്കര ബോറായി വരികയാണെന്ന് സിമി പറഞ്ഞതായും മഞ്ജു വ്യക്തമാക്കി.
‘എയർപോർട്ടിൽ നടന്ന സംഭവത്തിന് ശേഷമാണ് ഓവറിയും ഗർഭപാത്രവും നീക്കം ചെയ്ത സർജറി നടന്നത്. അതിന് ശേഷം എനിക്ക് ഒരുപാട് മാനസിക പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഹോർമോൺ ചികിത്സ തുടങ്ങിയതിന് ശേഷം ഇപ്പോൾ നന്നായി ഉറങ്ങുന്നുണ്ട്. അന്ന് തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു. തുടർ ചികിത്സ ഇപ്പോഴും എനിക്ക് ആവശ്യമാണ്’.
സർജറിക്ക് ശേഷം എനിക്ക് വലിയ സങ്കടം വരുമായിരുന്നു. ഒരു കാരണവുമില്ലാതെ വെറുതെ ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. ചെറിയ കാര്യത്തിന് പോലും ഇരുന്ന് കരയും. എന്നാൽ അതൊക്കെ ഇപ്പോൾ മാറിയിട്ടുണ്ടെന്നും മഞ്ജു പത്രോസ് പറഞ്ഞു. തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് മഞ്ജു നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്.















