കണ്ണൂർ: ഒരു സാധാരണക്കാരന്റെയും ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് വ്യക്തമാക്കി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂർ ആലക്കോട് കാർഷിക റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്ത് എന്നല്ല ഈ നാട്ടിലെ ഒരു കർഷകന്റെയും, ഒരു സാധാരണക്കാരന്റെയും ഭൂമി, ഒന്നിന്റെ പേരിലും പിടിച്ചെടുക്കാം എന്ന് ആരും വ്യാമോഹിക്കരുത്. തളിപ്പറമ്പിലും വയനാട്ടിലും ഉൾപ്പെടെ പല സ്ഥലങ്ങളിലും വഖ്ഫ് നിയമത്തിന്റെ പേര് പറഞ്ഞ് സമ്മർദ്ദവും ഭീഷണിയും പുറപ്പെടുവിക്കുന്നവരുണ്ട്. മലയോരമക്കളുടെ ജീവൻ ശേഷിക്കുന്നിടത്തോളം കാലം, ഒരു നിയമത്തിന്റെ പേരിലും, മലയോരത്തെ കർഷകന്റെ ഒരു സെന്റ് ഭൂമിയെങ്കിലും എടുക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർ മൂഢ സ്വർഗത്തിൽ ആണെന്നും പാംപ്ലാനി പറഞ്ഞു.
വഖ്ഫിന്റേത് കാട്ടാള നീതിയാണെന്നും വഖ്ഫിന്റെ നിയമം പൊളിച്ചെഴുതിയേ മതിയാകൂവെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരത്തെ പറഞ്ഞിരുന്നു. മുനമ്പം ജാതി-മത വിഷയമല്ല. ഉത്തരവാദിത്വപ്പെട്ടവർ വർഗീയ ചുവയോടെയാണ് സംസാരിക്കുന്നത്. വർഗീയതയുടെ കാർഡിറക്കിയാൽ പേടിച്ച് പള്ളിക്കകത്തുകയറുമെന്ന് ആരും കരുതരുത്. നിയമ വ്യവസ്ഥയ്‌ക്ക് നിരക്കാത്ത നിരവധി കാര്യങ്ങൾ വഖ്ഫ് നിയമത്തിലുണ്ട്. നീതി ആരുടെയും ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.