ന്യൂഡൽഹി: 18ാം ലോക്‌സഭയുടെ മൂന്നാം സെക്ഷനിൽ പങ്കെടുക്കാനെത്തിയ എംപിമാരെ ഒരു മാറ്റം പാർലമെന്റിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡിജിറ്റൽ ഹാജർ. നാല് കൗണ്ടറുകളിലായി ക്രമീകരിച്ച ടാബുകളിൽ ഡിജിറ്റൽ പേന കൊണ്ട് ഹാജർ മാർക്ക് ചെയ്താൽ മാത്രം മതി. പാർലമെന്റിനെ കടലാസ് രഹിതമാക്കാനുളള സ്പീക്കർ ഓം ബിർലയുടെ ശ്രമങ്ങളിൽ നിർണായക ചുവടുവെയ്പ്.
ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ പുതിയ മാറ്റത്തെ സ്വീകരിക്കുകയാണ്. മുൻപുണ്ടായിരുന്ന രജിസ്റ്റർ സംവിധാനവും കൗണ്ടറുകളിൽ നിലനിർത്തിയിട്ടുണ്ടെങ്കിലും അംഗങ്ങളോട് ഡിജിറ്റൽ ഹാജർ ഉപയോഗപ്പെടുത്താനാണ് സ്പീക്കർ നൽകുന്ന നിർദ്ദേശം.
സെക്കൻഡുകൾക്കുള്ളിൽ ഹാജർ രജിസ്റ്റർ ചെയ്യും
എംപിമാർക്ക് മെനുവിൽ നിന്ന് അവരുടെ പേരുകൾ തെരഞ്ഞെടുക്കാം. പിന്നാലെ ഒപ്പിടാനുളള കോളവും തെളിയും. കൗണ്ടറിലുളള ഡിജിറ്റൽ പേന കൊണ്ട് ഒപ്പിടാം. ഇതിന് ശേഷം സബ്മിറ്റ് കൊടുത്താൽ സഭാ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തും.

പുതിയ സംവിധാനത്തിൽ എംപിമാർ ഹാജർ രേഖപ്പെടുത്തുന്നതിന്റെ വീഡിയോ ലോക്‌സഭാ സ്പീക്കർ ഓം ബിർല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇന്നൊവേഷന്റെയും ടെക്‌നോളജിക്കുമൊപ്പം ലോക്‌സഭയും മുന്നോട്ടു കുതിക്കുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ലളിതവും സൗകര്യപ്രദവുമാണ് പുതിയ ഹാജർ രീതിയെന്നാണ് അംഗങ്ങളുടെ പ്രതികരണമെന്നും അദ്ദേഹം കുറിച്ചു.
തുടക്കമായതിനാൽ എംപിമാരുടെ സഹായത്തിനായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിൽ നിന്നുളള സാങ്കേതിക വിദഗ്ധരും ഓരോ കൗണ്ടറിലുമുണ്ട്. നേരത്തെ മൊബൈലിൽ അറ്റൻഡൻസ് രേഖപ്പെടുത്താനുളള സംവിധാനമുണ്ടായിരുന്നു.















