ന്യൂഡൽഹി: 75-ാമത് ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സുപ്രീം കോടതിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സുപ്രീം കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്‌സിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ ജുഡീഷ്യറിയുടെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കും. തുടർന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച (നവംബർ 26) സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും ചടങ്ങിൽ പങ്കെടുക്കും. ഭരണഘടന രൂപീകരിക്കുന്നതിന് ഡോ. ബി.ആർ. അംബേദ്കറുടെ നിർണായക പങ്കിനെ കുറിച്ച് സമൂഹത്തെ ഓർമിപ്പിക്കുന്നതിനാണ് എല്ലാ വർഷവും ഭരണഘടനാ ദിനാചരണം സംഘടിപ്പിക്കുന്നത്. ഭരണഘടനാ ദിനാചരണം രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടനയുടെ മൂല്യങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിന് വഴിയൊരുക്കുമെന്ന് നിയമ-നീതി വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ഹമാര സംവിധാൻ, ഹമാര സ്വാഭിമാൻ’ എന്ന കാമ്പെയിനും ചൊവ്വാഴ്ച തുടക്കമാവും. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് കാമ്പെയിൻ ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ ജില്ലകളിലും എല്ലാ ഗ്രാമങ്ങളിലും കാമ്പെയിനുകൾ സംഘടിപ്പിക്കും. ഭരണഘടന രൂപീകരിക്കുന്നതിൽ ഡോ. ബി.ആർ. അംബേദ്കറുടെ സുപ്രധാന സംഭാവനകളെ ഉയർത്തിക്കാട്ടുക എന്നതാണ് കാമ്പെയിൻ പ്രധാനമായും ലക്ഷ്യമിടുന്നത്.















