പമ്പ: ശബരിമലയിൽ ദർശനത്തിനെത്തുന്ന അയപ്പഭക്തരോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിന് കർശന നിർദേശം. ദർശനത്തിന് എത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. തിരക്കുള്ള ഇടങ്ങളിൽ ഭക്തരെ വടി വച്ച് മുന്നോട്ട് തള്ളുന്ന പ്രവണത വർദ്ധിച്ച് വരുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.
തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം. ക്യൂവിൽ ആളുകളെ നിർത്തുമ്പോഴും ക്രമീകരിക്കുമ്പോഴും തർക്കങ്ങൾ ഉയരാതെ ശ്രദ്ധിക്കണം. ഇതിന് പുറമെ പൊലീസ് ഉദ്യോഗസ്ഥർ ജോലി സമയത്ത് മൊബൈൽ ഫോണോ, സമൂഹമാദ്ധ്യമങ്ങളോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ വഴി പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കും.
കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരേയും പരിശോധന കൂടാതെ കടത്തിവിടരുതെന്നും നിർദേശമുണ്ട്. പരമ്പരാഗത കാനനപാത വഴി എത്തുന്ന ചിലർ പടക്കങ്ങൾ ഉൾപ്പെടെയുള്ളവ സ്വയരക്ഷാ മാർഗമായി കയ്യിൽ കരുതാറുണ്ടെന്ന് അടുത്തിടെ ബോംബ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. എന്നാൽ അത് അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ, അത്തരത്തിൽ പടക്കങ്ങളുമായി ആളുകളെ സന്നിധാനത്തേക്ക് എത്താൻ അനുവദിക്കരുതെന്നും അറിയിച്ചിട്ടുണ്ട്















