കോഴിക്കോട്: പന്തീരങ്കാവിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനമാരോപിച്ച് രംഗത്തെത്തിയ യുവതിക്ക് വീണ്ടും മർദ്ദനം. മർദ്ദനമേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നല രാത്രിയാണ് സംഭവം. കണ്ണിനും മുഖത്തും പരിക്കേറ്റ യുവതിയെ ഭർത്താവ് രാഹുലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്‌തെങ്കിലും പരാതിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. മാതാപിതാക്കൾക്കൊപ്പം തന്നെ വിട്ടയക്കണമെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ രാഹുലിന്റെ മൊഴി രേഖപ്പെടുത്താനായി ഇയാളെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.
ഇതിനുമുൻപും വാർത്തകളിൽ ഇടംപിടിച്ച വിഷയമായിരുന്നു പന്തീരങ്കാവ് ഗാർഹിക പീഡനം. വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കുള്ളിലാണ് ഗാർഹിക പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ പിന്നീട് ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമുള്ള യുവതിയുടെ മൊഴിയുടെയും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിൽ ഹൈക്കോടതി രാഹുലിനെതിരായ കേസ് റദ്ദാക്കിയിരുന്നു.















