ചണ്ഡിഗഡ്: ബാറിൽ പൊട്ടിത്തെറിയുണ്ടായെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ചണ്ഡിഗഡ് സെക്ടർ 26-ലാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ ബാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുലർച്ചെ 2.30നും 2.45നും ഇടയിൽ അജ്ഞാതരായ രണ്ട് പേർ മോട്ടോർസൈക്കിളിൽ എത്തി ബാറിലേക്ക് ബോംബ് എറിയുകയായിരുന്നു. തീവ്രത കുറഞ്ഞ സ്ഫോടകവസ്തുവായതിനാൽ വൻ ദുരന്തം ഒഴിവായി.
സ്വകാര്യ ബാറിന് നേരെയായിരുന്നു ആക്രമണം. രണ്ട് തവണ സ്ഫോടനം നടന്നതായി ദൃക്സാക്ഷികൾ പറയുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപമുള്ള ക്ലബ്ബിനും (De’orra Club) തകരാറുകൾ സംഭവിച്ചിട്ടുണ്ട്. പ്രശസ്ത റാപ്പർ ബാദുഷായുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണിത്. സ്ഫോടനത്തിന് പിന്നാലെ ചണ്ഡിഗഡ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബോംബ് സ്ക്വാഡും ചണ്ഡിഗഡ് ഫോറൻസിക് സയൻസ് ലബോറട്ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിനായി ഉപയോഗിച്ചത് ക്രൂഡ് ബോംബ് ആണെന്നും വീട്ടിൽ നിർമിച്ച സ്ഫോടകവസ്തു ആയിരിക്കാമെന്നും ഫോറൻസിക് സംഘം സൂചിപ്പിച്ചു. പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.















