135 കോടി ജനങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ പ്രാധാന്യവും സമഗ്രതയും അംഗീകരിച്ചു കൊണ്ട് രാജ്യം എല്ലാ വർഷവും നവംബർ 26 ന്, സംവിധാൻ ദിവസ് എന്നറിയപ്പെടുന്ന ഭരണഘടനാ ദിനം ആചരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടന രൂപീകരിക്കുന്നതിൽ നേതൃത്വപരമായ നിർണായക പങ്കുവഹിച്ച ഭരണഘടനാ അസംബ്ലിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ഭീം റാവു അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം പ്രഖ്യാപിച്ചത്. തുടക്കത്തിൽ നിയമ ദിനമായി ആഘോഷിച്ച ഈ ദിനം 2015 ൽ നരേന്ദ്ര മോദി സർക്കാർ ഭരണഘടനാ ദിനമായി പുനർനാമകരണം ചെയ്തു.
നാം സ്വതന്ത്ര രാജ്യമായതിന് ശേഷം ഡോ.ബി.ആർ.അംബേദ്കർ അധ്യക്ഷനായ സമിതിക്ക് ഭരണഘടനാ നിർമ്മാണ ചുമതല നൽകി. 1946 ൽ സ്ഥാപിതമായ ഭരണഘടനാ അസംബ്ലിയുടെ പ്രസിഡൻ്റായിരുന്നു ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ രാജേന്ദ്ര പ്രസാദ്. 1948-ന്റെ തുടക്കത്തിൽ ഡോ.അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ കരട് പൂർത്തിയാക്കി ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിച്ചു. 1949 നവംബർ 26 നാണ് ഈ കരട് അംഗീകരിച്ചത്. ഈ ദിനമാണ് ഭരണ ഘടനാ ദിനമായി ആചരിക്കുന്നത് 1950 ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. ഈ ദിനമാണ് റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്.
സംവിധാൻ ദിവസ് ഭരണഘടനാ രൂപകല്പന ചെയ്തവർക്കുള്ള ആദരാഞ്ജലിയാണ്. ഇന്ത്യൻ ഭരണഘടന, അത് തയ്യാറാക്കിയ ഭരണഘടനാ അസംബ്ലിയുടെ ഭാഗമായ 271 മഹദ് വ്യക്തികളുടെ ധിഷണയുടെയും ചിന്തയുടെയും സമർപ്പണത്തിന്റെയും സൃഷ്ടിയാണ്. കോടിക്കണക്കായ ഭാരതീയർക്ക് വിവേചന രഹിതമായ ജീവിതമുറപ്പിക്കുന്ന ശക്തമായ വിമോചന പ്രഖ്യാപനമായി ഭരണഘടന പ്രവർത്തിക്കുന്നു. അതിനാൽ, ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിന് അടിത്തറ പാകിയ ഭരണഘടനാ അസംബ്ലിയുടെ കാഴ്ചപ്പാടിനെയും പരിശ്രമങ്ങളെയും ബഹുമാനിക്കുന്നതിനാണ് ഭരണഘടനാ ദിനം അടയാളപ്പെടുത്തുന്നത്.















