ന്യൂഡൽഹി: വിവാദമായ കട്ടിങ് സൗത്തിന്റെ നടത്തിപ്പിനായി സംഘാടകർ കാനഡയിൽ നിന്ന് ഫണ്ട് സ്വീകരിച്ചത് വിദേശകാര്യ മന്ത്രാലയം അറിയാതെ . കനേഡിയൻ ഹൈകമ്മീഷനുമായി സ്‍പോൺസർഷിപ്പ് കരാറുണ്ടാക്കി 4000 ഡോളറാണ് സംഘാടകർ കൈപ്പറ്റിയത്. എന്നാൽ വിദേശഫണ്ട് വാങ്ങാൻ ഇവർ വിദേശകാര്യമന്ത്രാലയം അനുമതി തേടിയിരുന്നില്ലെന്ന വിവരം ജനം ടിവിക്ക് ലഭിച്ചു. വിവരാവകാശ നിയമപ്രകാരമാണ് വിദേശ കാര്യമന്ത്രാലയം മറുപടി നൽകിയത്.
കട്ടിംഗ് സൗത്തിന്റെ പ്രധാന നടത്തിപ്പുകാർ കേരള മീഡിയ അക്കാദമിയായിരുന്നു. കൂടാതെ ന്യൂസ് മിനിറ്റ്, ന്യൂഡ് ലോൺഡറി തുടങ്ങിയ മാദ്ധ്യമങ്ങളും ഇതിന്റെ സ്പോൺസർമാരായിരുന്നു. ഇവരാണ് വിദേശ കാര്യമന്ത്രാലയം അറിയാതെ കനേഡിയൻ ഹൈക്കമ്മീഷനുമായി 4,000 ഡോളറിന്റെ കരാർ ഉണ്ടാക്കിയത്. എന്നാൽ തങ്ങൾ 44 ലക്ഷം രൂപ ചെലവഴിച്ചാണ് പരിപാടി നടത്തിയെത്താണ് മീഡിയ അക്കാദമിയുടെ അവകാശവാദം. അങ്ങനെയാണെങ്കിൽ ന്യൂസ് ലോൺഡറി ന്യൂസ് മിനിറ്റും എന്തിനാണ് കാനേഡിയൻ ഹൈക്കമ്മീഷണറുമായി കരാറിൽ ഏർപ്പെട്ടതെന്ന ചോദ്യമാണ് ഉയരുന്നത്. ഖലിസ്ഥാൻ വിഘടനവാദികളെ പിന്തുണയ്‌ക്കുന്ന കാനഡയിൽ നിന്ന് എത്തിയ ഫണ്ട് സംബന്ധിച്ച് കേന്ദ്ര എജൻസികൾ അന്വേഷിക്കുമെന്നാണ് സൂചന.
എഫ്സിആർഎ നിയമം അനുസരിച്ച് വിദേശഫണ്ട് സ്വീകരിക്കുമ്പോൾ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. ചട്ടപ്രകാരമില്ലാതെ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. 2014 മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എഫ്സിആർഎ നിയമങ്ങൾ കർശനമാക്കി. ഇതിന് പിന്നാലെയാണ് അനധികൃതമായി വിദേശഫണ്ട് വാങ്ങിയ പല എൻജിഒകളുടെയും അംഗീകരം കേന്ദ്രസർക്കാർ റദ്ദാക്കിയത്.
2023 മാർച്ചിൽ എറണാകുളത്താണ് കട്ടിംഗ് സൗത്ത് നടന്നത്. തുടക്കം മുതൽ പരിപാടി വിവാദമായിരുന്നു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന അടങ്ങിയ ദക്ഷിണ ഭാരതം അഖണ്ഢ ഭാരതവുമായി വിഘടിച്ച് നിൽക്കണമെന്ന ആശയമാണ് കട്ടിംഗ് സൗത്ത് മുന്നോട്ട് വെച്ചത്. പ്രമുഖരെ അടക്കം പങ്കെടുപ്പിച്ച് പരിപാടി നടത്താനായിരുന്നു സംഘാടകരുടെ ലക്ഷ്യം. എന്നാൽ ഇതിന്റെ ഉദ്ദേശം മനസ്സിലായതോടെ എല്ലാവരും പിൻമാറി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംഭവം വിവാദമായതോടെ ഗ്ലോബൽ മീഡിയ സബ്മിറ്റാണെന്നന് പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ശ്രമവും മീഡിയ അക്കാദമി നടത്തി.















