കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ യുവതിക്ക് വീണ്ടും മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുൽ പൊലീസ് കസ്റ്റഡിയിൽ. രാഹുൽ തന്നെ മർദ്ദിച്ചുവെന്ന് യുവതി പൊലീസിന് പരാതി നൽകി. യുവതിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. പുലർച്ചെയോടെ മദ്യപിച്ചെത്തിയ രാഹുൽ പാലാഴി ഭാഗത്ത് ബഹളം വച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നു. രാഹുൽ സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കാറുണ്ടെന്നാണ് യുവതിയുടെ മൊഴി. അടിയേറ്റ് വീണ തന്റെ തലയ്‌ക്കടിച്ചെന്നും യുവതി പറഞ്ഞു. പഴയ കാര്യങ്ങളെ ചൊല്ലിയായിരുന്നു മർദ്ദനം. രാഹുലിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഭർത്താവ് രാഹുലിനെതിരെ പരാതിയില്ലെന്നും വീട്ടുകാർക്കൊപ്പം പോകാൻ അനുവദിക്കണമെന്നുമായിരുന്നു യുവതി നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ യുവാവിനെതിരെ പരാതിയുണ്ടെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് രംഗത്തെത്തുകയായിരുന്നു. മർദ്ദനത്തിൽ കണ്ണിലും മുഖത്തുമാണ് യുവതിക്ക് പരിക്കേറ്റത്. ഇതിന് മുൻപും ഭർത്താവായ രാഹുലിനെതിരെ യുവതി കേസ് നൽകിയിരുന്നു. എന്നാൽ പിന്നീട് പരാതി പിൻവലിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.















