കൊച്ചി: ബിജെപി നേതൃത്വത്തിൽ തമ്മിലടിയാണെന്ന വാർത്തകൾ നിഷേധിച്ച് സി. കൃഷ്ണകുമാർ. ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ മാദ്ധ്യമങ്ങൾ പടച്ചുവിടുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും സി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
“എല്ലാ ദിവസവും രാവിലെ മുതൽ രാത്രി ശോഭാ സുരേന്ദ്രൻ പാലക്കാട് പ്രചാരണത്തിനുണ്ടായിരുന്നു. അവരുടെ അമ്മയ്ക്ക് അസുഖമായിട്ട് പോലും അവർ എല്ലാ ദിവസവും എത്തി. 22 കിലോമീറ്ററോളം ട്രാക്ടർ റാലിക്ക് എന്നോടൊപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ എനിക്കോ പാർട്ടിക്കോ ആരെക്കുറിച്ചും പരാതികളില്ല. നിലവിൽ വരുന്ന വാർത്തകളെല്ലാം മാദ്ധ്യമസൃഷ്ടികളാണ്. പാലക്കാട് ബിജെപി നേതൃത്വം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഞങ്ങൾക്കുണ്ടായ കുറവ് ഒറ്റക്കെട്ടായി പരിഹരിക്കും.”
മുൻ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് സിപിഎമ്മിന് ഏഴായിരം വോട്ട് നഷ്ടപ്പെട്ടു. അതാരും ചർച്ച ചെയ്യാൻ തയ്യാറാവുന്നില്ല. ഷാഫി പറമ്പിലിന് 2016ൽ 58,000 വോട്ടുലഭിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോഴും യുഡിഎഫിന് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരൻ സ്ഥാനാർത്ഥിയായതിനാൽ കോൺഗ്രസ് വോട്ടുകൾ കുറഞ്ഞു. പാലക്കാട് ബിജെപിയുടെ അടിസ്ഥാന വോട്ട് 40,000 ആണ്. ഏകദേശം അത്രതന്നെ ഇത്തവണ ലഭിക്കുകയും ചെയ്തു. വോട്ടുവർദ്ധിപ്പിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് നേതൃത്വം പരിശോധിക്കുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു.















