പത്തനംതിട്ട: ഉതിമൂടിൽ ഗോത്രവിഭാഗത്തോട് സർക്കാർ അനാസ്ഥ. ഒന്നര വയസുകാരന്റെ ആശുപത്രി മാറ്റത്തിന് ആംബുലൻസിനായി വനവാസി കുടുംബം ഒരു മണിക്കൂറിലധികം കാത്തുനിന്നതായി പരാതി. വിവരം ലഭിച്ചതിനെ തുടർന്ന് സേവാഭാരതിയുടെ ആംബുലൻസ് എത്തിയാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ വൈകിട്ടാണ് ഒന്നര വയസുകാരനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പനിയും അപസ്മാരവും കടുത്തതോടെ കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശം നൽകുകയായിരുന്നു.
എന്നാൽ ആംബുലൻസ് സേവനം ലഭ്യമാകാതെ ഒരു മണിക്കൂറിലധികം ഇവർ ആശുപത്രിയിൽ നിൽക്കേണ്ട സ്ഥിതിയിലായിരുന്നു. ഗോത്ര വിഭാഗത്തിലെ ജനങ്ങൾക്ക് സൗജന്യ ആംബുലൻസ് സേവനം ഒരുക്കണമെന്നാണ് നിയമം. എന്നാൽ ആശുപത്രിയിലെ ആംബുലൻസുകളെല്ലാം മറ്റ് സ്ഥലങ്ങളിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ശബരിമല തീർത്ഥാടകർക്കായി സജ്ജമാക്കിയ സേവഭാരതിയുടെ ആംബുലൻസാണ് കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സഹായവുമായി രംഗത്തെത്തിയത്. വനവാസി കുടുംബത്തിനായി സേവാഭാരതി ആംബുലൻസ് സൗജന്യമായി വിട്ടുനൽകി. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടി.
ശബരിമല തീർത്ഥാടകർ എത്തുന്ന സമയത്ത് കൂടിയാണ് ആംബുലൻസുകൾ സജ്ജമാക്കാതെ അധികൃതർ വീഴ്ചവരുത്തുന്നതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. സംഭവത്തിൽ സേവാഭാരതി ഡിഎംഒയ്‌ക്ക് പരാതി നൽകി.