എറണാകുളം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പീരുമേട് പൊലീസാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ കടന്നുപിടിച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.
2009-ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് പോകുന്ന സമയത്താണ് ലൈംഗികാതിക്രമം നേരിട്ടതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. നടന്റെ പെരുമാറ്റം മാനഹാനി ഉണ്ടാക്കിയെന്നും നടി ആരോപിച്ചു.
ആലുവ സ്വദേശിനിയായ നടി മണിയൻപിള്ള രാജുവിനെതിരെ നേരത്തെയും ലൈംഗികാതിക്രമ പരാതികൾ നൽകിയിരുന്നു. ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 356, 376 വകുപ്പുകൾ പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്.