മുംബൈ ഭീകരാക്രണത്തിൽ ജീവനോടെ പിടികൂടിയ ഭീകരൻ അജ്മൽ കസബിനെ 2012 നവംബർ 21 നാണ് തൂക്കിലേറ്റിയത്. 86 കുറ്റങ്ങളാണ് കസബിന് മേൽ ചുമത്തിയത്. അജ്മൽ കസബിനെ പിടികൂടാനായതുവഴിയാണ് ആക്രമണത്തിന്റെ പാക് ബന്ധം ഇന്ത്യയ്‌ക്ക് തെളിയിക്കാൻ സാധിച്ചത്.
അജ്മൽ കസബിന് തൂക്കുകയർ വാങ്ങി കൊടുത്തതിൽ ഒൻപത് വയസ്സുകാരിയായ ദേവിക റൊട്ടാവന്റെ മൊഴി സുപ്രധാന പങ്കാണ് വഹിച്ചത്. ദേവികയും അച്ഛനും ചേർന്നാണ് കോടതിയിൽ തിരിച്ചറിയൽ പരേഡിന് ഹാജരായത്. ഇന്ന് ദേവികയ്‌ക്ക് 25 വയസ്സാണ്. വർഷം എത്ര കഴിഞ്ഞാലും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെ ആ ദിനം ഒരിക്കലും മറക്കാൻ സാധിക്കിലെന്ന് ദേവിക പറഞ്ഞു. രാജസ്ഥാൻ സ്വദേശിയാണ് പെൺകുട്ടി
2008 നവംബർ 26 ന് പുനയിലുള്ള ചേട്ടനെ കാണാനാണ് ഞങ്ങൾ യാത്ര തിരിച്ചത്. മറ്റൊരു സഹോദരനും കൂടെയുണ്ടായിരുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ എത്തിയപ്പോൾ ആദ്യം ബോംബ് സ്ഫോടനം ഉണ്ടായി. പിന്നെ ചുറ്റം വെടിയോച്ചകൾ മാത്രമായിരുന്നു. ദേവികയുടെ കാലിലാണ് വെടിയേറ്റത്. ആറോളം ശസ്ത്രക്രിയകൾ കാലിൽ നടത്തേണ്ടിവന്നിരുന്നു. രണ്ടാമത് കസബിനെ കണ്ടത് കോടതി മുറിയിലാണെന്ന് ദേവിക പറഞ്ഞു.
” ഇതെന്റെയെല്ലാം ആരംഭം പാകിസ്താനിൽ നിന്നാണ്. എനിക്ക് അവനെ കൊല്ലാനാണ് തോന്നിയത്, പക്ഷേ എനിക്ക് അന്ന് ഒമ്പത് വയസ്സായിരുന്നു. കോടതിയിൽ അവനെ തിരിച്ചറിയാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. കസബിനെ തിരിച്ചറിയാൻ സാധിച്ചതിൽ ഇപ്പോൾ അഭിമാനം തോന്നുന്നുണ്ടെന്നും” ദേവിക കൂട്ടിച്ചേർത്തു.
വർഷങ്ങൾ കഴിഞ്ഞിട്ടും ദേവികയെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. മഞ്ഞ് കാലത്ത് വെടിയുണ്ട നീക്കം ചെയ്ത കാലുകളിൽ നീർക്കെട്ടും വേദനയും അനുഭവപ്പെടുന്നുണ്ട്.പാകിസ്താനിൽ ഇരുന്ന് ഭീകരാക്രമണത്തിന് ആസൂത്രണം നടത്തുന്ന എല്ലാവരെയും ഇല്ലാതാക്കണം എന്നത് മാത്രമാണ് ഈ 25 കാരിയുടെ ജീവിതാഭിലാഷം.