ഹൈദരബാദ്: ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്‌ക്കെതിരെ ആന്ധ്രാ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ അധിക്ഷേപിച്ച കേസിലാണ് നടപടി. തിങ്കളാഴ്ച മുതൽ രാം ഗോപാൽ വർമ്മ ഒളിവിലാണെന്നാണ് റിപ്പോർട്ട്. അതേസമയം കൊയമ്പത്തൂരിൽ എത്തിയെന്ന വിവരത്തെ തുടർന്ന് ആന്ധ്രാപ്രദേശ് പോലീസ് തമിഴ്‌നാടിന്റെ സഹായം തേടിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും കുടുംബങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മോശം പരാമർശം നടത്തിയതായും ആരോപണം ഉയർന്നിരുന്നു. നവംബർ 11 ന് പ്രകാശം ജില്ലയിലെ മദ്ദിപ്പാട് പൊലീസ് സ്റ്റേഷനിൽ സംവിധായകനെതിരെ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ്, മരുമകൾ ബ്രഹ്‌മണി എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് പ്രധാനമായും പ്രചരിപ്പിച്ചത്. മഡിപ്പാട് സ്വദേശി രാമലിംഗം (45) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
നവംബർ 18ന് ആന്ധ്രാ ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന സംവിധായകന്റെ ആവശ്യം തള്ളിയിരുന്നു. നവംബർ 24ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചെങ്കിലും രാംഗോപാൽ വർമ്മ എത്തിയിരുന്നില്ല.